പാലക്കാട്: പാലക്കാട് അർധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതിഷേധവുമായി യുഡിഎഫ്. കോൺഗ്രസ് പ്രവർത്തകരും മറ്റു യുഡിഎഫ് പ്രവർത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാർച്ച് സംഘർഷം. എസ്‍പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്.

പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. തുടർന്ന് മാർച്ച് കെപിപിസി പ്രസിഡൻറ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. മാർച്ച് കെ സുധാകരൻ ഉദ്ഘാടനം ചെയ്തശേഷം വീണ്ടും സ്ഥലത്ത് സംഘർഷമുണ്ടായി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് കെട്ടിയ കയർ അഴിക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് ബാരിക്കേഡ് മറിച്ചിടാനും ശ്രമമുണ്ടായി. നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. മാർച്ച് അവസാനിച്ചുവെന്ന് അറിയിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. അബിൻ വർക്കി, അൻവർ സാദത്ത് ഉൾപ്പെടെയുള്ള നേതാക്കൾ പ്രവർത്തകരെ സ്ഥലത്ത് നിന്നും നീക്കുകയായിരുന്നു. കയ്യാങ്കളിക്കിടയിൽ പൊലീസിൻറെ ലാത്തി പ്രവർത്തകർ പിടിച്ചുവാങ്ങി. ഒടുവിൽ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ ഉച്ചയ്ക്ക് ഒന്നരയോടെ സ്ഥലത്ത് നിന്ന് പിരിഞ്ഞുപോയത്.


നൂറുകണക്കിനുപേരാണ് മാർച്ചിൽ പങ്കെടുത്തത്. മാർച്ചിൽ പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളി ഉയർന്നു. രാവിലെ 11.30ഓടെയാണ് മാർച്ച് ആരംഭിച്ചത്. 200ലധികം പൊലീസുകാരെയാണ് എസ്‍പി ഓഫീസ് പരിസരത്ത് വിന്യസിച്ചിരുന്നത്.























