പത്തനംതിട്ട: ഇരുമുടിക്കെട്ടിൽ ചന്ദനത്തിരി, കർപ്പൂരം, പനിനീർ എന്നിവ ഒഴിവാക്കണമെന്ന് നിർദേശം. പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടിൽ എന്തൊക്കെ ഉൾപ്പെടുത്തണം, എന്തെല്ലാം ഒഴിവാക്കണം എന്നത് സംബന്ധിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകി. തീർഥാടകർ ഇരുമുടിക്കെട്ടിൽ അനാവശ്യസാധനങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും തന്ത്രി അഭ്യർത്ഥിച്ചു. ഇരുമുടിക്കെട്ടിൽ രണ്ട് ഭാഗങ്ങളാണുള്ളത്. മുൻകെട്ടിൽ ശബരിമലയിൽ സമർപ്പിക്കാനുള്ള സാധനങ്ങളും പിൻകെട്ടിൽ ഭക്ഷണപദാർഥങ്ങളും. മുൻകെട്ടിൽ ഉണക്കലരി, നെയ്ത്തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് (പൊന്ന്/ നാണയം) എന്നിവ മാത്രം മതി. മുമ്പ് കാൽനടയായി വന്നിരുന്നപ്പോഴാണ് ഇടയ്ക്ക് താവളമടിച്ച് ഭക്ഷണമൊരുക്കാൻ അരി, നാളികേരം തുടങ്ങിയവ പിൻകെട്ടിൽ കൊണ്ടുവന്നിരുന്നത്. ഇപ്പോൾ എല്ലായിടത്തും ഭക്ഷണം ലഭ്യമായതിനാൽ അതിന്റെ ആവശ്യമില്ല. പിൻകെട്ടിൽ കുറച്ച് അരിമാത്രം കരുതിയാൽ മതിയെന്നും കത്തിൽ പറയുന്നു.

പിൻകെട്ടിൽ കൊണ്ടുവരുന്ന അരി ശബരിമലയിൽ സമർപ്പിച്ച് വെള്ളനിവേദ്യം വാങ്ങാവുന്നതാണ്. ഇരുമുടിക്കെട്ടിൽ ചന്ദനത്തിരി, കർപ്പൂരം, പനിനീർ എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയിൽ ഉപയോഗിക്കുന്നില്ലെന്ന് തന്ത്രി കത്തിൽ വ്യക്തമാക്കി. തീർഥാടകർ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ശബരിമലയിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിനാൽ പ്ലാസ്റ്റിക് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തന്ത്രി നൽകിയ മാർഗനിർദ്ദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ചു. കെട്ടുനിറയ്ക്കുമ്പോൾ ശബരിമല തന്ത്രിയുടെ നിർദേശം പാലിക്കാനാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള 1252 ക്ഷേത്രങ്ങളിലും ഗുരുസ്വാമിമാർക്ക് കത്തുനൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതായി പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കേരളത്തിലെ മറ്റ് ദേവസ്വം ബോർഡുകളുടെ അധ്യക്ഷന്മാർ, കമ്മീഷണർമാർ, എഒമാർ തുടങ്ങിയവരെയും തന്ത്രിയുടെ നിർദേശം അറിയിക്കും. ശബരിമല തന്ത്രി നിർദേശിച്ചിട്ടുള്ള സാധനങ്ങൾ മാത്രമേ ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താവൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീർഥാടകരോട് അഭ്യർഥിച്ചു.

























