വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾക്ക് പിന്നാലെ താൻ അനുഭവിച്ച സൈബർ ആക്രമണങ്ങളിലും വിമർശനങ്ങളെക്കുറിച്ചും മനസ് തുറന്ന് ഗായിക അമൃത സുരേഷ്. താൻ കാരണം കുടുംബം മുഴുവൻ പഴികേട്ടെന്നും വളർത്തുദോഷമാണെന്നു പോലും പലരും പറഞ്ഞെന്നും അമൃത വെളിപ്പെടുത്തി. വിവാഹത്തെത്തുടർന്നുണ്ടായ ട്രോമകൾ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ല. കുറേയൊക്കെ കരഞ്ഞു തീർത്തിട്ടുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു. അമൃതം ഗമയ യൂട്യൂബ് ചാനലിൽ സഹോദരി അഭിരാമി സുരേഷിനൊപ്പമുള്ള വ്ലോഗിൽ സംസാരിക്കുകയായിരുന്നു അമൃത.

‘എന്റെ ജീവിതത്തിലെ സംഭവങ്ങൾ കാരണം ഏറ്റവും കൂടുതൽ പഴികേട്ടത് അച്ഛയും അമ്മയും ആണ്. വളർത്തുദോഷം, അവർ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, മക്കളെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചു. ഇങ്ങനെയൊക്കെ പലരും പറഞ്ഞു. ഞാൻ കാരണം എന്റെ മൊത്തം കുടുംബം 14 വർഷം പഴി കേട്ടു. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഞാൻ പറയാതിരുന്നതുകൊണ്ടും നിങ്ങൾക്കു കിട്ടിയ അറിവുകൾ കൊണ്ടും നിങ്ങൾ പറഞ്ഞ കാര്യങ്ങളാണ് അതെല്ലാം. ഇപ്പോൾ നിങ്ങളെല്ലാം മനസിലാക്കിയല്ലോ എന്നൊരു ആശ്വാസം ഞങ്ങളുടെ കുടുംബത്തിനുണ്ട്’, വിവാഹമോചനവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അമൃത സുരേഷ്.


‘ഇപ്പോൾ എല്ലാവരും ‘‘ഞങ്ങൾ കൂടെയുണ്ട്’’ എന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തുമ്പോൾ കാണാൻ അച്ഛ ഇല്ലാതെയായിപ്പോയി എന്നൊരു വിഷമമുണ്ട്. ചിലപ്പോൾ അച്ഛ ഇത് മുകളിൽ ഇരുന്ന് കാണുന്നുണ്ടാവും. അച്ഛയുടെ അനുഗ്രഹം കൊണ്ടായിരിക്കും നിങ്ങൾ എല്ലാവരും ഞങ്ങളെ മനസ്സിലാക്കിയതും’.
മനുഷ്യർ തെറ്റുകൾ ചെയ്യും. അത് സ്വാഭാവികമാണ്. എല്ലാവരുടേയും ജീവിതത്തിൽ ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ടാവും. ചിലപ്പോൾ എന്റെയത്രേം മണ്ടത്തരങ്ങൾ പറ്റിയിട്ടുണ്ടാവില്ല. വിവാഹത്തെത്തുടർന്നുണ്ടായ ട്രോമ മറികടന്നോ എന്ന് ഇപ്പോഴും അറിയില്ല. കുറയൊക്കെ കരഞ്ഞുതീർത്തിട്ടുണ്ട്. മകൾ ഉള്ളതുകൊണ്ടുതന്നെ ട്രോമറ്റൈസ്ഡ് ആയി ഇരിക്കാനുള്ള ഓപ്ഷൻ ഇല്ല. സിംഗിൾ മോം എന്നത് തന്നെയാണ് എന്നെ ആക്ടീവായി നിർത്തിയതും. പാപ്പു ഇല്ലായിരുന്നെങ്കിൽ ഞാൻ തളർന്ന് മൂലയിൽ ആയിപ്പോയേനെ. പാപ്പുവിന് വേണ്ടി ഞാൻ പണിയെടുക്കണം, ഹാപ്പിയായിട്ട് ഇരിക്കണം, ഹെൽത്തിയായിട്ടിരിക്കണം… എന്ത് സംഭവിച്ചാലും ജീവിതം മുന്നോട്ടുപോകണം’, അമൃത കൂട്ടിച്ചേർത്തു.
ആദ്യ പങ്കാളി നടൻ ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയനുമായി ഇപ്പോഴും കോൺടാക്ടുണ്ടെന്ന് അമൃത പറഞ്ഞു.























