കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്് പകൽ പതിനൊന്നിന് നടക്കും. പിപി ദിവ്യ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമതി ചെയർപേഴ്സൺ കെ രത്നകുമാരിയാണ് എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി.

എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോൾ അതേ ദിവസം തന്നെയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കും. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീൻ ബാബുവിന് സഹപ്രവർത്തകർ ഒക്ടോബർ 14ന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പിപി ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയിൽ പ്രസംഗിക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ആത്മഹത്യ ചെയ്യുകയും ദിവ്യക്കെതിരെ കേസെടുക്കുകയുമായിരുന്നു.

























