ശബരിമല നട നാളെ തുറക്കും

ശബരിമല: മണ്ഡലകാല തീർഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പിഎൻ മഹേഷാണ് നട തുറക്കുന്നത്. തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേൽശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നൽകിയ ശേഷം പതിനെട്ടാംപടിയിറങ്ങി തെളിക്കും. അതിനുശേഷം ഭക്തർക്കായി പതിനെട്ടാംപടിയുടെ വാതിൽ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേൽശാന്തിമാർ ആദ്യം പടികയറും.

നാളെ ഭക്തർക്ക് ദർശനവും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പൂജകൾ ഇല്ല. പുതിയ മേൽശാന്തിമാരായ എസ് അരുൺ കുമാർ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി (മാളികപ്പുറം)യുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്കാണ്. തന്ത്രിമാരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്യും. പിന്നീട് കൈപിടിച്ച് ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേൽശാന്തിമാരുടെ അഭിഷേകമാണ് നടക്കുന്നത്. കൊല്ലം ശക്തികുളങ്ങര കന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ് അരുൺകുമാർ നമ്പൂതിരി, കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതി എന്നിവർ പുറപ്പെടാശാന്തിമാരായാണ് മലകയറുന്നത്.

ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. 15 മുതൽ 29 വരെയുള്ള തീയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിങ് കഴിഞ്ഞു. 30ന് ഉച്ചയ്ക്ക് ശേഷമുള്ള ഏതാനും സ്ലോട്ടുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. എഴുപതിനായിരം പേർക്കാണ് വെർച്വൽ ക്യൂ സംവിധാനം വഴി സമയക്രമം ലഭിക്കുന്നത്. അതേസമയം, പതിനായിരം പേർക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽനിന്ന് സ്പോട് ബുക്കിങ്ങിനുള്ള അവസരമുണ്ട്. സ്പോട് ബുക്കിങ്ങിന് ആധാറോ പകർപ്പോ ഹാജരാക്കണം. ആധാറില്ലെങ്കിൽ വോട്ടർ ഐഡിയോ പാസ്പോർട്ടോ ഹാജരാക്കിയാൽ മാത്രമേ ബുക്കിങ് സാധ്യമാകൂ.