ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നിൽ പിടിയിലായ തമിഴ്നാട് സ്വദേശികളായ മണികണ്ഠനും സന്തോഷ് സെൽവവുമെന്ന് പൊലീസ്. കുറുവ സംഘത്തിൽപ്പെട്ട പ്രതികളുമായി പൊലീസ് ഇന്ന് പുലർച്ചെ തെളിവെടുപ്പ് നടത്തി. കൃത്യമായ കസ്റ്റഡി നടപടികളുടെ പശ്ചാത്തലത്തിലാണ് പ്രതികളുടെ അറസ്റ്റ് നടന്നിരിക്കുന്നത്. പുന്നപ്രയിൽ മാല നഷ്ട്ടപെട്ട യുവതിയും സന്തോഷിന്റെ ശരീര പ്രകൃതം തിരിച്ചറിഞ്ഞതായി മൊഴി നൽകിയിരുന്നു.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സന്തോഷിന്റെ ശരീരത്തിലുണ്ടായിരുന്ന ടാറ്റൂവും കേസിൽ നിർണായകമായി.കുറുവ സംഘത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകും. സന്തോഷ് സെൽവം പാലായിൽ നടന്ന മോഷണക്കേസിൽ നിന്ന് ജയിൽ മോചിതനായത് മാസങ്ങൾക്ക് മുൻപാണ്. മണികണ്ഠനും നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.


എന്നാൽ പ്രതികളെ കാണാൻ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന് ചുറ്റും ജനങ്ങൾ തടിച്ചുകൂടി. പ്രതി മണികണ്ഠന്റെയും സന്തോഷിന്റേയും ബന്ധുക്കൾ സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തി. ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തമിഴ് നാട്ടിലോ കേരളത്തിലോ അദ്ദേഹത്തിന്റെ പേരിൽ ഒരു കേസും ഇല്ല. സന്തോഷ് സെൽവത്തെ തനിക്ക് അറിയിലെന്നും അവർ വ്യക്തമാക്കി.























