‘കങ്കുവ ഗംഭീര കാഴ്ചാനുഭവമാണ്, നല്ലതൊന്നും ആരും കാണുന്നില്ല, സൂര്യയെ ഓർത്ത് അഭിമാനിക്കുന്നു’; പിന്തുണയുമായി ജ്യോതിക

തിയ്യേറ്ററിൽ പ്രദർശനം തുടരുന്ന സൂര്യ ചിത്രം കങ്കുവയ്ക്ക് നേരെ ഉയരുന്ന നെ​ഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി നടിയും സൂര്യയുടെ പങ്കാളിയുമായ ജ്യോതിക. സൂര്യയുടെ ഭാര്യയെന്ന നിലയിലല്ല താൻ എഴുതുന്നതെന്ന് പറഞ്ഞാണ് സാമൂഹികമാധ്യമങ്ങളിൽ അവർ കുറിപ്പ് പങ്കുവെച്ചത്. ജ്യോതിക എന്ന നിലയിൽ വ്യക്തിപരമായും സിനിമാസ്വാദക എന്ന നിലയിലുമാണ് താൻ ഈ കുറിപ്പെഴുതുന്നതെന്നും അവർ പറയുന്നു.

കങ്കുവ ഗംഭീര കാഴ്ചാനുഭവമാണ്. സൂര്യയെ ഓർത്ത് അഭിമാനിക്കുന്നു. ചിത്രത്തിന്റെ ആദ്യ അരമണിക്കൂർ വർക്കായില്ല. കർണകഠോരമായ ശബ്ദമായിരുന്നു. മിക്കവാറും ഇന്ത്യൻ സിനിമകളിൽ പോരായ്മകളുണ്ടാവും, പ്രത്യേകിച്ച് വലിയ പരീക്ഷണങ്ങൾ നടത്തുന്ന ഇത്തരം ചിത്രങ്ങളിൽ. എന്നാൽ, മൂന്നുമണിക്കൂറിൽ വെറും അരമണിക്കൂർ മാത്രമാണിത്. എന്നാൽ, സത്യമായും ചിത്രം വലിയ ചലച്ചിത്രാനുഭവമാണ്. തമിഴ് സിനിമയിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതെന്നും ജ്യോതിക കുറിച്ചു.

ചില നെഗറ്റീവ് റിവ്യൂകൾ അത്ഭുതപ്പെടുത്തി. റിവ്യു എഴുതിയവർ ചിത്രത്തിന്റെ നല്ല ഭാഗങ്ങളെക്കുറിച്ച് മറന്നുപോയെന്നാണ് തോന്നുന്നത്. ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിനെതിരെ നെഗറ്റീവ് പ്രചരിപ്പിച്ചവെന്നത് ദുഃഖകരമാണ്. ആദ്യ ഷോ അവസാനിക്കുന്നതിന് മുമ്പ് തന്നെ മോശം അഭിപ്രായങ്ങൾ വന്നു. ഒന്നിലേറെ ഗ്രൂപ്പുകളുടെ പ്രൊപ്പഗാൻഡ പോലെ തോന്നുന്നു. ചിത്രത്തിന്റെ കൺസെപ്റ്റും 3ഡി ചെയ്യാനെടുത്ത പ്രയത്‌നവും ഗംഭീര ദൃശ്യങ്ങളും കൈയ്യടി അർഹിക്കുന്നു. അഭിമാനിക്കൂ ടീം കങ്കുവ, നെഗറ്റീവ് കമന്റിടുന്നവർ സിനിമയുടെ ഉയർച്ചയ്ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു.

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് കങ്കുവ. നവംബർ പതിനാലിന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 58 കോടി 62 ലക്ഷം രൂപ ആഗോള ഗ്രോസ് ആയി നേടിയപ്പോൾ, രണ്ട് ദിവസം പിന്നിടുമ്പോഴുള്ള ആഗോള കളക്ഷൻ 89 കോടി 32 ലക്ഷം രൂപയാണ്.

സൂര്യ ഇരട്ട വേഷം ചെയ്ത ഈ ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോൾ ആണ് വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിശ പട്ടാണി. യോഗി ബാബു, കെ എസ് രവികുമാർ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ചിത്രം, 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 2 ഭാഗങ്ങളായി കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.