തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും താൻ മന്ത്രിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാലയിട്ട ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

‘ഉന്നയിച്ച വിഷയങ്ങൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മറുപടി പറയും. ഞാൻ മന്ത്രിയാണ്, അതുകൊണ്ടാണ് മറുപടി പറയാത്തത്. ഞാൻ എന്റെ ഉത്തരവാദിത്തം സംരക്ഷിക്കും. കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചോളൂ’ സുരേഷ് ഗോപി പറഞ്ഞു.


ഇതിനിടെ തൃശ്ശൂരിലെ വ്യാജവോട്ട് വിവാദത്തിൽ ഇത്തരം വോട്ടുകളുള്ള ബൂത്തുകളിലെ ബിഎൽഒമാരുടെ രാഷ്ട്രീയം അന്വേഷിക്കുകയാണ് എൽഡിഎഫ്. മിക്കയിടങ്ങളിലും ബിഎൽഒമാർ ബിജെപി അനുകൂല രാഷ്ട്രീയമുള്ളവരാണെന്ന് കണ്ടെത്തിയെന്നാണ് നേതാക്കൾ പറയുന്നത്. ഇവരെ തിരഞ്ഞെടുത്തതു മുതൽ വ്യാജവോട്ടു ചേർത്തതുവരെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അറിവോടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പുസമയത്ത് തൃശ്ശൂർ കളക്ടറായിരുന്ന വി.ആർ. കൃഷ്ണതേജ വ്യാജവോട്ടിനായി ഇടപെട്ടെന്ന് സിപിഐ പരസ്യമായി ആരോപിച്ചു. ശനിയാഴ്ച സിപിഐ തൃശ്ശൂരിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സിലാണ് നേതാക്കൾ ആരോപണം ഉന്നയിച്ചത്. ഇതിന് പ്രത്യുപകാരമായാണ് കൃഷ്ണതേജയ്ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പ്രത്യേക ചുമതലയിൽ നിയമനം കിട്ടിയതെന്നും കുറ്റപ്പെടുത്തി.
വ്യാജവോട്ടിനെപ്പറ്റി പരാതി നൽകിയിട്ടും മറുപടിനൽകാതെ തിരഞ്ഞെടുപ്പുവരെ കൃഷ്ണതേജ നീട്ടിക്കൊണ്ടുപോയതായി യുഡിഎഫിന്റെ തിരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന ടി.എൻ. പ്രതാപൻ പറഞ്ഞു. ഫോണിലൂടെയാണ് മറുപടി നൽകിയത്. മറുപടി രേഖാമൂലം കിട്ടിയിരുന്നെങ്കിൽ അപ്പീൽ നൽകാൻ സാധിക്കുമായിരുന്നു. വ്യാജവോട്ടിൽ കൃഷ്ണതേജയുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.























