‘ഒരു വിട്ടുവീഴ്ചയും വേണ്ട’ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. നിരപരാധിത്വം തെളിയിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലാണെന്നും, കർശന നടപടി സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. വെളിപ്പെടുത്തലുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ലെന്നും എഐസിസി വിലയിരുത്തുന്നു.

സ്ത്രീകൾക്കെതിരായ മോശം പെരുമാറ്റം സംബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന് ആരോപണങ്ങൾ ദേശീയ തലത്തിൽ വരെ ചർച്ചയായി മാറിയിരുന്നു. ബിജെപി ഈ വിഷയം കോൺഗ്രസിനെതിരെ ആയുധമാക്കി രംഗത്തു വന്നിരുന്നു. വോട്ടു ചോരി ക്യാംപെയ്‌നുമായി കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ, കേരളത്തിലെ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ ഉയർന്നു വന്ന ലൈംഗിക ആരോപണങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി നേതൃത്വം വിലയിരുത്തുന്നു. നിരപാധിത്വം തെളിയിക്കാത്ത പക്ഷം രാഹുൽ മാങ്കൂട്ടത്തിലിന് ഒരു പരിഗണനയും പാർട്ടിയിൽ നിന്നും നൽകേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കളെ എഐസിസി അറിയിച്ചു.