തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ. ഉപകരണങ്ങൾ വാങ്ങിയ ഇനത്തിൽ 158 കോടി രൂപ സർക്കാർ കമ്പനികൾക്ക് നൽകാനുണ്ടെന്ന് വിതരണക്കാർ പറയുന്നു. മാർച്ച് 31 വരെയുള്ള കുടിശ്ശിക കൊടുത്ത് തീർക്കാതെ ഉപകരണം വിതരണം ചെയ്യില്ലെന്ന് വിതരണക്കാരുടെ അസോസിയേഷൻ അറിയിച്ചു.

സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിലവിൽ നിർത്തി വച്ചിരിക്കുന്നത്. ഇതോടെ, നിലവിലുള്ള സ്റ്റോക്ക് ഉപകരണങ്ങൾ കഴിഞ്ഞാൽ ആശുപത്രികൾ പ്രതിസന്ധിയിലാകും എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ, ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇവിടെ നിന്ന് 34 കോടി രൂപ വിതരണക്കാർക്ക് ലഭിക്കാനുണ്ട്.


ഒരു മാസം മുമ്പ് വിതരണക്കാരുടെ അസോസിയേഷൻ സമാനമായ ഒരു വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ 30 ദിവസംകൂടി കഴിഞ്ഞ് ഉപകരണങ്ങളുടെ വിതരണം നിർത്തിവയ്ക്കുമെന്ന് അന്ന് ഇവർ വ്യക്തമാക്കിയിരുന്നു. തുടർന്ന്, സർക്കാരുമായി നടന്ന ചർച്ചയിൽ വിഷയം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഈ ഉറപ്പു പാലിക്കാതെ വന്നതോടെയാണ് നിലവിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം കമ്പനികൾ നിർത്തിവച്ചിരിക്കുന്നത്.























