ബോളിവുഡിലെ ഐക്കോണിക് തിരക്കഥാകൃത്താണ് സലീം ഖാൻ. സൂപ്പർ താരം സൽമാൻ ഖാന്റെ പിതാവ് കൂടിയായ സലീം ഖാൻ ഷോലെ അടക്കമുള്ള സൂപ്പർ ഹിറ്റുകൾ എഴുതിയ തിരക്കഥാകൃത്താണ്. ഇപ്പോഴിതാ ബീഫ് കഴിക്കാത്തതിനെക്കുറിച്ചുള്ള സലീം ഖാന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. താൻ ഇതുവരേയും ബീഫ് കഴിച്ചിട്ടില്ലെന്നാണ് സലീം ഖാൻ പറയുന്നത്. ഫ്രീപ്രസ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. പശുവിന്റെ പാൽ അമ്മയുടെ പാലിന് തുല്യമാണെന്നാണ് സലീം ഖാൻ പറയുന്നത്. ”ഇൻഡോർ മുതൽ ഇന്നുവരെ ഞങ്ങൾ ഇതുവരേയും ബീഫ് കഴിച്ചിട്ടില്ല. ഏറ്റവും ചീപ്പായ ഇറച്ചിയെന്ന നിലയിൽ മിക്ക മുസ്ലീമുകളും കഴിക്കുന്നതാണ് ബീഫ്. നായ്ക്കൾക്ക് കൊടുക്കാനും ചിലർ വാങ്ങാറുണ്ട്. പക്ഷെ പ്രവാചകൻ മുഹമ്മദ് വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്, പശുവിന്റെ പാല് അമ്മയുടെ പാലിന് തുല്യമാണെന്ന്. പശുക്കളെ കൊല്ലരുതെന്നും ബീഫ് വിലക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളിൽ നിന്നും നല്ല വശങ്ങൾ പ്രവാചകൻ ഉൾക്കൊണ്ടിട്ടുണ്ട്. ഹലാൽ ഇറച്ചിയേ കഴിക്കാൻ പാടുള്ളൂവെന്നത് ജൂത മതത്തിൽ നിന്നെടുത്തതാണ്. അവരിതനെ കോഷർ എന്നാണ് വിളിക്കുക. എല്ലാ മതവും നല്ലതാണെന്നും നമ്മളെപ്പോലെ തന്നെ ഒരു പരമോന്നത ശക്തിയുള്ളതായി വിശ്വസിക്കുന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്” എന്നാണ് സലീം ഖാൻ പറയുന്നത്. തന്റെ വീട്ടിൽ മതപരമായ ഭിന്നതകൾ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് സലീം ഖാൻ പറയുന്നുണ്ട്. തങ്ങളുടെ വീടിന് ചുറ്റും ഹിന്ദു മതവിശ്വാസികളായിരുന്നു. ഡിഎസ്പിയായിരുന്ന പിതാവ് എല്ലാ മതങ്ങളേയും ബഹുമാനിക്കാൻ തങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും സലീം ഖാൻ പറയുന്നത്. സൽമ ഖാൻ ആണ് സലീമിന്റെ ആദ്യഭാര്യ. ഹിന്ദുമതവിശ്വാസിയായ സുശീല ഛരക് വിവാഹ ശേഷം ഇസ്ലാം നാമം സ്വീകരിക്കുകയായിരുന്നു.

തങ്ങളുടെ മതം തന്റെ വിവാഹത്തിന് ഒരു തടസമായിരുന്നില്ലെന്നാണ് സലീം ഖാൻ പറയുന്നത്. ”എന്റെ കുടുബത്തിന് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. അവൾക്കും പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ മറ്റൊരു മതത്തിൽ നിന്നുള്ളയാളാണെന്നത് അവളുടെ കുടുംബത്തിലെ ചിലരിൽ നിന്നും എതിർപ്പുണ്ടാക്കി” എന്നും അദ്ദേഹം പറയുന്നുണ്ട്.

























