കൊച്ചി: അരുന്ധതി റോയിയുടെ ആത്മകഥയായ ‘മദര്‍ മേരി കംസ് ടുമി’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പുകവലിക്കെതിരെ നിയമപരമായ ജാഗ്രതാ നിര്‍ദേശമില്ലാത്തത് നിയമവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ രാജ സിംഹനാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിനും അരുന്ധതിക്കും പ്രസാധകര്‍ക്കും പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചു. നിലവിലെ കവറോടു കൂടിയ പുസ്തകത്തിന്റെ വില്‍പ്പന, പ്രചരണം, പ്രദര്‍ശനം എന്നിവ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന ജാഗ്രത നിര്‍ദ്ദേശം എല്ലായിടത്തും നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം പുസ്തക കവറില്‍ പാലിച്ചിട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പുകവലിയെ മഹത്വവത്കരിക്കുന്ന രീതിയിലാണ് പുസ്തകത്തിന്റെ കവര്‍. പുസ്തകത്തിന്റെ ഉളളടക്കത്തെക്കുറിച്ചോ, ആശയത്തെക്കുറച്ചോ അല്ല തന്റെ പരാതി. പുകവലിക്കുന്ന ദൃശ്യം പ്രദര്‍ശിപ്പിക്കുമ്പോള്‍ ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ അല്ലെങ്കില്‍ ‘പുകയില കാന്‍സറിന് കാരണമാകുന്നു’ തുടങ്ങിയ നിയമപരമായ മുന്നറിയിപ്പ് ഈ നിയമപ്രകാരം നിര്‍ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

























