‘സിനിമയുടെ വിജയമല്ല, കൂടെ ജോലി ചെയ്യുന്നവരാണ്‌ പ്രധാനം’; കൽക്കി വിവാദങ്ങൾക്കിടെ ഷാരൂഖിനൊപ്പമുള്ള ചിത്രവുമായി ദീപിക

കൽക്കി വിവാദങ്ങൾക്കിടെ പോസ്റ്റുമായി നടി ദീപിക പദുക്കോൺ. ഷാരൂഖ് ഖാന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രമാണ് ദീപിക പങ്കുവച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമയായ ഓം ശാന്തി ഓമിന്റെ ചിത്രീകരണ സമയത്ത് ഷാരൂഖ് ഖാനിൽ നിന്നും പഠിച്ച പാഠത്തെക്കുറിച്ചാണ് പോസ്റ്റിൽ ദീപിക സംസാരിക്കുന്നത്. സിനിമയുടെ വിജയത്തേക്കാൾ പ്രധാനം ആരുടെ കൂടെ ജോലി ചെയ്യുന്നു, സിനിമയൊരുക്കുന്നതിനിടെ നേടുന്ന അനുഭവങ്ങൾ തുടങ്ങിയവയാണെന്നായിരുന്നു അന്ന് ദീപിക ഷാരൂഖിൽ നിന്നും പഠിച്ച പാഠം. തെലുങ്ക് ചിത്രം കൽക്കി 2വിൽ നിന്നും ദീപിക പിന്മാറിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് താരത്തിന്റെ പോസ്റ്റ്.

”18 വർഷം മുമ്പ് ഓം ശാന്തി ഓം ചെയ്യുമ്പോൾ നിങ്ങൾ എനിക്ക് പഠിപ്പിച്ചു തന്ന ആദ്യത്തെ പാഠം, ഒരു സിനിമയുടെ വിജയത്തേക്കാൾ പ്രധാനം അതുണ്ടാക്കുന്നതിന്റെ അനുഭവവും കൂടെ പ്രവർത്തിക്കുന്നവരുമാണെന്നാണ്. അതിന് ശേഷം ഞാനെടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളിലും ആ പാഠം പരിഗണിച്ചിട്ടുണ്ട്. ഒരുപക്ഷെ അതുകൊണ്ടാകാം, നമ്മളൊരുമിച്ച് ആറാമത്തെ സിനിമ ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത്” ദീപിക പറയുന്നു. പുതിയ സിനിമയായ കിങിന്റെ ലൊക്കോഷനിൽ നിന്നുള്ള ചിത്രമാണ് ദീപിക പങ്കുവച്ചിരിക്കുന്നത്. ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് കിങ്. സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്.

നേരത്തെ, പ്രഭാസ് നായകനായ കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപികയെ ഒഴിവാക്കിയതായി നിർമാതാക്കൾ അറിയിച്ചിരുന്നു. ദീപിക പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും, ജോലി സമയം ഏഴ് മണിക്കൂറായി ചുരുക്കാൻ ആവശ്യപ്പെട്ടുവെന്നും തനിക്കൊപ്പം വരുന്ന സംഘത്തിന്റെ ചെലവ് നോക്കണമെന്നും പറഞ്ഞുവെന്നായിരുന്നു താരത്തിന്റെ പുറത്താക്കലിന് കാരണമായി റിപ്പോർട്ടുകൾ കണ്ടെത്തിയത്.

ദീപികയെ പുറത്താക്കിയതല്ല, മറിച്ച് താരം പിന്മാറിയതാണെന്നായിരുന്നു പുതിയ റിപ്പോർട്ടുകൾ. നേരത്തെ തീരുമാനിച്ചതിൽ നിന്നും വിഭിന്നമായി തന്റെ കഥാപാത്രത്തിന്റെ സ്‌ക്രീൻ ടൈമും പ്രാധാന്യവും രണ്ടാം ഭാഗത്തിൽ കുറഞ്ഞു. പ്രധാന കഥാപാത്രമായിരുന്ന സുമതിയെ വെറും അതിഥി വേഷത്തിലേക്ക് ഒതുക്കി. ഇതെല്ലാമാണ് ദീപികയുടെ പിന്മാറ്റത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.