തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാറിന്‍റെ ആത്മഹത്യയില്‍ പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രൻ. വളരെ വേദനയുണ്ടാക്കുന്നതാണെന്നും പ്രശ്നങ്ങളെക്കുറിച്ച് അനിൽകുമാര്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും മേയര്‍ പറഞ്ഞു. സഹകരണസംഘത്തിലെ പ്രതിസന്ധി അനിൽകുമാര്‍ സൂചിപ്പിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ അനിൽകുമാറിനെ അലട്ടിയിരുന്നു. പലപ്പോഴും വിളിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോള്‍ വാര്‍ത്തകളിലൂടെയാണ് ഇത്രയധികം പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നതായി അറിഞ്ഞത്.

ആരോഗ്യപരമായി ക്ഷീണിതനായിരുന്നുവെന്ന് പറഞ്ഞിരുന്നു. കൗണ്‍സിലിന് വരാത്തതിനെതുടര്‍ന്ന് പലപ്പോഴും വിളിച്ച് സംസാരിച്ചിരുന്നു. മറ്റു കൗണ്‍സിലര്‍മാരോടും പ്രശ്നങ്ങളെക്കുറിച്ച് അനിൽകുമാര്‍ പറഞ്ഞിരുന്നില്ല. വലിയൊരു ദുഖമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്നും മേയര്‍ ആര്യാ രാജേന്ദ്രൻ പറഞ്ഞു.


അനിൽ കുമാറിനെ ഇന്ന് രാവിലെയാണ് തിരുമലയിലെ കൗൺസിലർ ഓഫീൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോപ്പറേഷനിലും ജില്ലയിലെയും ബിജെപിയുടെ വിവിധ സമരപരിപാടികൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു അനിൽകുമാർ. താൻ എല്ലാവരേയും സഹായിച്ചെന്നും എന്നാൽ പ്രതിസന്ധിവന്നപ്പോൾ ഒറ്റപ്പെട്ടുവെന്നുമാണ് അനിൽ കുമാർ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. വലിയശാല ഫാം ടൂര്‍ സൊസൈറ്റിക്ക് ആറ് കോടിയോളം ബാധ്യതയുണ്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിക്ക് 11കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകർക്ക് കൊടുക്കണം. ഇതിന്‍റെ പേരിൽ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പിൽ വിമർശനമുണ്ട്. ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു.























