പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എംപി. ഇത് ആരോപണങ്ങൾ എന്നതിനേക്കാൾ അധിക്ഷേപം എന്നു പറയുന്നതാണ് ശരി. ഇതിന് അതേ ഭാഷയിൽ മറുപടി പറയണമെന്ന് തോന്നുന്നില്ല. എന്നാൽ ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയമെന്നും, തെരഞ്ഞെടുപ്പിനായുള്ള സിപിഎമ്മിന്റെ മിഷൻ 2026 ഇതാണോയെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നതാണോ തെരഞ്ഞെടുപ്പിലേക്ക് സിപിഎം ഒരുക്കിവെക്കുന്ന മാനിഫെസ്റ്റോ എന്ന് വ്യക്തമാക്കേണ്ടതാണ്. വേറെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണോ, അതോ ഇങ്ങനെയാണോ സിപിഎം തെരഞ്ഞെടുപ്പിലേക്ക് പോകാനാഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎ ബേബിയും വ്യക്തമാക്കണം. ജനങ്ങളുടെ മുമ്പിൽ വേറെയൊന്നും പറഞ്ഞ് പിടിച്ചു നിൽക്കാൻ പറ്റാത്തതിനാലാണോ വ്യക്തിഹത്യയിലും അധിക്ഷേപത്തിലും സിപിഎം ആശ്രയിക്കുന്നത് എന്നും ഷാഫി ചോദിച്ചു.


തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇത്തരം ചർച്ചയിലേക്ക് ദിശ മാറ്റണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇത് ജനങ്ങൾ വിലയിരുത്തട്ടെ. കൃത്യമായ രാഷ്ട്രീയം പറഞ്ഞും സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ട്. ഇടതു പക്ഷത്തിന് ഒരു മെച്ചവും പറയാനില്ലാത്തതുകൊണ്ടാണ് വ്യക്തിപരമായും രാഷ്ട്രീയമായും തകർക്കാൻ ശ്രമിക്കുന്നത്. അതിനാലാണ് അധിക്ഷേപങ്ങളുടെ രാഷ്ട്രീയം മുറുകെപ്പിടിച്ച് സിപിഎം മുന്നോട്ടു പോകുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നല്ല ആളെക്കണ്ടാൽ എന്നാൽപ്പിന്നെ ബാംഗ്ലൂരിലേക്ക് ഒരു ട്രിപ്പ് പോകാമെന്ന് ഹെഡ് മാഷ് ആവശ്യപ്പെടുമെന്നാണ് ഷാഫി പറമ്പിലിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഇക്കാര്യത്തിൽ കൂട്ടുകച്ചവടം ആണെന്നും സുരേഷ് ബാബു ആരോപിച്ചു.























