വനിതാ ഡോക്ടർ കൈയിൽ കുറിപ്പെഴുതി ജീവനൊ*ടുക്കിയ സംഭവം;സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

പൂനെ: മഹാരാഷ്ട്രയിലെ സത്താര ജില്ലയിൽ വനിതാ ഡോക്ടർ കൈവെള്ളയിൽ കുറിപ്പെഴുതി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ സബ് ഇൻസ്‌പെക്ടർ ഗോപാൽ ബദാനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫാൽട്ടൻ റൂറൽ പൊലീസ് സ്റ്റേഷനിൽ ഗോപാൽ ബദാൻ കീഴടങ്ങുകയായിരുന്നു എന്ന് സതാര എസ് പി തുഷാർ ദോഷി അറിയിച്ചു. തുടർന്നായിരുന്നു ഇയാളുടെ അറസ്റ്റ്.

സത്താര ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ വ്യാഴായ്ചയായിരുന്നു സംഭവം. എസ്‌ഐ ഗോപാൽ ബദാൻ തന്നെ അഞ്ച് മാസത്തിനിടയിൽ നാല് തവണ പീഡിപ്പിച്ചു എന്ന് കുറിപ്പെഴുതിവച്ചിട്ടാണ് യുവതി ജീവനൊടുക്കിയത്. ഇതേത്തുടർന്നാണ് ഗോപാൽ ബദാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജില്ലാ കോടതിയിൽ ഹാജരാക്കിയ ശേഷം നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ, വനിതാ ഡോക്ടറുടെ മരണക്കുറിപ്പിൽ പരാമർശിച്ചിരുന്ന സബ് ഇൻസ്‌പെക്ടർ ഗോപാൽ ബദാനെ കൂടാതെ സോഫ്റ്റവെയർ എൻജിനീയർ പ്രശാന്ത് ബങ്കറിനെ നേരത്തെ പൂനെയിൽ നിന്ന് ഫാൽട്ടൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഇരുവർക്കുമെതിരെ ബലാത്സംഗവും ആത്മഹത്യ പ്രേരണാ കുറ്റവും ചുമത്തിയിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് യുവതി തനിക്ക് പൊലീസുകാരിൽ നിന്നുണ്ടായ പീഡനം ചൂണ്ടിക്കാട്ടി ഡിസിപിക്ക് പരാതി നൽകിയിരുന്നു.