റാപ്പർ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകിയതിനെതിരെ വിമർശനവുമായി സംവിധായകൻ കെപി വ്യാസൻ. വേടന്റെ സ്ഥാനത്ത് ദീലിപിനായിരുന്നു പുരസ്കാരം ലഭിച്ചിരുന്നതെങ്കിൽ എന്തുമാത്രം ബഹളം വച്ചേനെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇരട്ടത്താപ്പ് മലയാളികളുടെ മുഖമുദ്രയാണെന്നും കെപി വ്യാസൻ പറയുന്നുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം. ”വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ എന്തുമാത്രം ബഹളം വച്ചേനെ? മാധ്യമ പൂങ്കവന്മാർ ചർച്ചിച്ചു ചർച്ചിച്ചു നേരം വെളുപ്പിക്കുമായിരുന്നില്ലേ? ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ” അദ്ദേഹം പറയുന്നു.

ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവർ മാത്രം അവാർഡിന് അയച്ചാൽ മതി എന്ന് നിബന്ധനയും ഉണ്ട്. ആയതിനാൽ ഞാൻ ഈ അവാർഡിനെ അംഗീകരിക്കുന്നു. അറിയപ്പെടുന്ന നല്ല ഒന്നാന്തരം കമ്മിയായ പ്രകാശ് രാജ് ആണ് ചെയർമാൻ എങ്കിലും. എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ എന്നും അദ്ദേഹം കുറിക്കുന്നു. ചില വർഷങ്ങൾക്കു മുൻപ് കമ്മാരസംഭവം എന്ന ചിത്രത്തിന് ദിലീപിന് അവാർഡ് കൊടുക്കുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ പരിഗണിക്കരുത് എന്ന് പറഞ്ഞ് ബഹളം വച്ച സാംസ്കാരിക നായകർക്കും സർക്കാരിന് തന്നെയും നല്ല നമസ്കാരം എന്നും വ്യാസൻ കുറിക്കുന്നുണ്ട്.


മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ കുതന്ത്രം പാട്ടിനാണ് വേടനെ തേടി പുരസ്കാരമെത്തിയത്. പാർശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളേയും സന്തോഷങ്ങളേയും പുതിയ ബിംബങ്ങളിലൂടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകർത്തിയെടുത്ത രചനാ മികവിനാണ് വേടന് പുരസ്കാരം നൽകുന്നതെന്നാണ് ജൂറി പറഞ്ഞത്. ലൈംഗിക അതിക്രമ ആരോപണങ്ങൾ നേരിടുന്ന വേടന് പുരസ്കാരം നൽകിയതിനെതിരെ പല കോണിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്.























