ന്യൂഡൽഹി: ഡൽഹി സ്ഫോടനം ദൗർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള 8 ശ്രമങ്ങളാണ് തകർത്തത്. ഇന്നലെ ഏഴുമണിക്ക് ഓടി വന്ന വാഹനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. നിരവധിപേർ പരുക്കുകളോടെ ആശുപത്രിയിലുണ്ട്. അന്വേഷണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ല. അന്വേഷണത്തിന്റെ വഴിയേ ഫലവത്തായ റിപ്പോർട്ട് ലഭിക്കുന്നതിനുള്ള പശ്ചാത്തലം ഒരുങ്ങിയിട്ടുണ്ട്. ആന്ധ്ര, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ പരിശോധന നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ ഉമർ മുഹമ്മദ് എന്നാണ് സൂചന. ഇയാൾക്ക് ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമിലിലുമായും ഡോ. ആദിലുമായും ഉമറിനു ബന്ധമുണ്ടെന്നാണ് വിവരം. കാർ ഓടിച്ചിരുന്നത് ഉമർ ആണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. താരിഖ് എന്നയാളിൽ നിന്നാണ് ഉമർ കാർ വാങ്ങിയതെന്നും സൂചനയുണ്ട്.


കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് നാല് പേരെയും കസ്റ്റഡിയിൽ എടുത്തത്.























