ലൈംഗികാതിക്രമ പരാതി; കലാമണ്ഡലം അധ്യാപകനെതിരെ പോക്‌സോ കേസ്

തൃശൂർ: കേരള കലാമണ്ഡലത്തിലെ അധ്യാപകനെതിരെ പോക്‌സോ കേസ്. ദേശമംഗലം സ്വദേശിയായ കൂടിയാട്ടം അധ്യാപകനായ കനകകുമാറിനെതിരേയാണ് വിദ്യാർഥികളുടെ പരാതിയെ തുടർന്ന് കേസെടുത്തത്. പോക്‌സോ നിയമപ്രകാരം രണ്ട് കേസുകളാണ് ഇയാൾക്കെതിരെ എടുത്തിട്ടുള്ളത്. മദ്യപിച്ച ശേഷം അധ്യാപകൻ ക്ലാസ് മുറിയിലേക്ക് വരികയും വിദ്യാർത്ഥികളെ അധിക്ഷേപിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ രണ്ട് കേസുകൾ എടുത്തിട്ടുണ്ടെന്ന് കുന്നംകുളം എസിപി സന്തോഷ് പറഞ്ഞു.

പരാതിക്ക് പിന്നാലെ കനകകുമാർ ഒളിവിൽ പോയെന്നും പൊലീസ് ഇയാളെ തിരയുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിനികൾ നൽകിയ പരാതി സർവകലാശാല അധികൃതർ ചെറുതുരുത്തി പൊലീസിന് കൈമാറി. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കനകകുമാറിനെതിരെ പേക്‌സോവകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. വൈസ് ചാൻസലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അധ്യാപകൻ വിദ്യാർത്ഥിനികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും ബോഡി ഷെയ്മിങ് നടത്തിയെന്നും കുട്ടികൾ പറയുന്നു.

ഇയാളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കനാകകുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ബി അനന്തകൃഷ്ണൻ പറഞ്ഞു.