ആലപ്പുഴയിൽ 10 വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ( മെനിഞ്ചോ എൻസെഫലൈറ്റിസ് ) സ്ഥിരീകരിച്ചു. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡുകാരനായ കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അദികൃതർ അറിയിച്ചു. കുട്ടി ഉൾപ്പെടെ നാലംഗ കുടുംബം ഒരു മാസം മുമ്പാണ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. രണ്ടു കുട്ടികളിൽ ഇളയ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആദ്യമായി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് ആലപ്പുഴയിലാണ്. പള്ളാത്തുരുത്തി സ്വദേശിയായ 16 കാരൻ 2016 മാർച്ചിലും, പാണാവള്ളി സ്വദേശിയായ 15 വയസ്സുകാരൻ 2023 ജൂലൈയിലും രോഗം ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചിരുന്നു.