കണ്ണൂർ: പിണറായിയിൽ കഴിഞ്ഞദിവസം സ്ഫോടക വസ്തു കൈയ്യിൽ നിന്ന് പൊട്ടി സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിയ സംഭവം റീൽസ് ചിത്രീകരണത്തിനിടെ. കനാൽകര സ്നേഹാലയത്തിൽ വിബിൻരാജിന്റെ കൈപ്പത്തിയാണ് റീൽസ് ചിത്രീകരണത്തിനിടെ ചിതറിത്തെറിച്ചത്. റീൽസ് ചിത്രീകരിക്കുന്ന വീഡിയോയും പുറത്തുവന്നു. എന്നാൽ ബോംബ് നിർമാണത്തിനിടെ, സ്ഫോടനം എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. വിപിന്റെ കൈപ്പത്തി ചിതറിയ അപകടത്തിൽ പൊട്ടിയ സ്ഫോടക വസ്തു പടക്കം ആണെന്നായിരുന്നു എഫ്ഐആർ.

പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങളും രക്തത്തുള്ളികളും കണ്ടെത്തിയെന്നും എഫ്ഐആറിൽ പറയുന്നു. അപകടത്തിൽ യുവാവിന്റെ മൂന്ന് വിരലുകൾ അറ്റുപോയിരുന്നു. ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നായിരുന്നു വിബിൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഉഗ്രശേഷിയുള്ള, അനധികൃതമായി നിർമിച്ച സ്ഫോടക വസ്തുവാണ് കയ്യിലുണ്ടായിരുന്നതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. കത്തിച്ച് എറിയുന്നതിനിടെ സ്ഫോടക വസ്തു കൈയിൽ നിന്ന് പൊട്ടുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ നിർമിച്ച പടക്കമാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.


എന്നാൽ ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയതെന്നായിരുന്നു് ഇ പി ജയരാജൻ പറഞ്ഞത്. ബോംബ് സ്ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുത് എന്നും കെട്ടുപടക്കങ്ങൾ ചില സമയങ്ങളിൽ അപകടം ഉണ്ടാക്കാറുണ്ട് എന്നും ജയരാജൻ പറഞ്ഞിരുന്നു.























