കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗത്തിൽ റിപ്പോർട്ട് തേടി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. പ്രസംഗം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ നൽകിയ പരാതിയിലാണ് നടപടി. മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തിൽ പ്രളയമായി നദികളിലൂടെ ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നുമടങ്ങുന്നതായിരുന്നു സ്വരാജിന്റെ പ്രസംഗം.

ഇത് വിശ്വാസത്തെ ഹനിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. 2018ൽ നടത്തിയ പ്രസംഗത്തിൻറെ വിഡിയോ സഹിതമാണ് പരാതി നൽകിയത്. ആദ്യം കൊല്ലം വെസ്റ്റ് പൊലീസിൽ പരാതി നൽകി. എന്നാൽ കേസ് എടുക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സിറ്റി പൊലീസ് കമ്മീഷണറും കേസ് എടുത്തില്ല. തുടർന്നാണ് വിഷ്ണു കോടതിയെ സമീപിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കോടതി ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയത്.

























