കൊച്ചി: അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.

ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുള്ളതിനാലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജനുവരി നാലിന് തന്റെ യൂട്യൂബ് ചാനലില്‍ രാഹുല്‍ അപ് ലോഡ് ചെയ്ത വീഡിയോക്കെതിരെ അതിജീവിത രംഗത്തുവന്നിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് ഇവര്‍ പരാതിയും നല്‍കിയിരുന്നു. ഈ കേസിലെ അറസ്റ്റ് തടയാനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. വീഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രമാണെന്നും അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം. രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമായിരുന്നു അതിജീവിതയുടെ പരാതി. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

























