അമീബിക് മസ്തിഷ്ക ജ്വരം: ഇന്ന് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. ഇന്ന് രോഗം ബാധിച്ച് രണ്ട് പേർ മരിച്ചു. കഴിഞ്ഞമാസം അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. 2025 ൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായത്. ആരോഗ്യ വകുപ്പിന് ഉറവിടം കണ്ടെത്താൻ ആകുന്നില്ലെന്നതും തിരിച്ചടിയാണ്. 2024ൽ അൻപതിൽ താഴെ ആയിരുന്നു രോ​ഗം ബാധിച്ചവരുടെ എണ്ണം. എന്നാൽ 2025ൽ ഇരുന്നൂറിന് മുകളിലാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ വർഷം മാത്രം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 47 പേർ മരിച്ചു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 201 പേർക്കാണ് 2025ൽ രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ മരണനിരക്കും ഉയരുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇന്ന് രണ്ട് മരണം സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയും കോഴിക്കോട് സ്വദേശിയുമാണ് മരിച്ചത്. മലിനജലത്തിലൂടെയാണ് അമീബിക് മസ്തിഷ്കജ്വരം രോഗം പടരുന്നതെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും മലിനജലത്തിൽ കുളിക്കാത്തവർക്ക് പോലും രോഗം ബാധിക്കുന്ന സ്ഥിതിയാണ്. മൂക്കിലൂടെ അമിബ ഉള്ളിലേക്ക് കയറുകയും പിന്നീട് അത് തലച്ചോറിനെ ബാധിക്കുകയുമാണ് ചെയ്യുന്നത്.