‘ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കും, ഇരയെ ഭീഷണിപ്പെടുത്തും’: കോടതി

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. രാഹുലിന്റെ ജാമ്യഹർജി തള്ളിയ ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന രാഹുലിന്റെ വാദം നിലനിൽക്കില്ല. ഇരയായ യുവതിയെകൊണ്ട് സ്വകാര്യ ഹോട്ടലിൽ മുറി ബുക്ക് ചെയ്യിപ്പിച്ചത് രാഹുലാണ്. പുറത്ത് റസ്റ്ററന്റിലിരുന്നു സംസാരിക്കാമെന്ന് യുവതി പറഞ്ഞെങ്കിലും രാഹുൽ സമ്മതിച്ചില്ല.

മുറിയിലേക്ക് വന്നയുടനെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രേഖകൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്. രാഹുലിന്റെ അറസ്റ്റ് നിയമപ്രകാരമാണ്. യുവതി പരാതിയിൽ നേരിട്ട് ഒപ്പിട്ടില്ലെന്ന വാദം നിലനിൽക്കില്ല. ഡിജിറ്റൽ ഒപ്പ് മതി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎയാണ്. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമേറിയതാണ്. തെളിവുകൾ നശിപ്പിക്കാനും അതിജീവിതയെ ഭീഷണിപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്യുകയും ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പ്രവാസിയായ യുവതിയുടെ പരാതിയിലാണ് ജനുവരി പതിനൊന്നിനു രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് പാലക്കാട് നിന്നും കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്. ആദ്യ രണ്ടു പീഡനക്കേസുകളിലും അറസ്റ്റിൽനിന്നു വഴുതിപ്പോയ രാഹുലിനെ മൂന്നാമതായി ഉയർന്ന പീഡനക്കേസിലാണ് പൊലീസ് അകത്താക്കിയത്. 2024 ഏപ്രിൽ 8ന് അതിജീവിതയെ തിരുവല്ലയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്.