സഹപ്രവർത്തകയ്ക്കൊപ്പം അശ്ലീല രംഗം; കർണാടക ഡിജിപി രാമചന്ദ്ര റാവുവിന് സസ്പെൻഷൻ

ബെംഗളൂരു: കർണാടക ഡിജിപിയുടെ അശ്ലീല ദൃശ്യ വിവാദത്തിൽ നടപടിയുമായി സർക്കാർ. സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സസ്പെൻഡ് ചെയ്തു. ഓഫിസിലെത്തിയ സഹപ്രവർത്തകയെ ചുംബിക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും ഒന്നിലധികം ഒളിക്യാമറ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച സിദ്ധരാമയ്യ സർക്കാർ, രാമചന്ദ്രറാവുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

വിരമിക്കാൻ 4 മാസം മാത്രം ബാക്കി നിൽക്കെയാണ് കെ.രാമചന്ദ്രറാവുവിനെതിരെ നടപടി എടുത്തത്. അതേസമയം എട്ട് വർഷം മുൻപത്തെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് സൂചന. ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ സഹപ്രവർത്തകയെ ഡിജിപി ചുംബിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഓഫിസിനുള്ളിൽ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഡിജിപി രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും ഡിജിപിയെ കാണാൻ മന്ത്രി തയാറായില്ല. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവുവിൻറെ വളർത്തു മകൾ രന്യ റാവുവിനെ 2025 ൽ സ്വർണ കടത്തുകേസിൽ റവന്യു ഇൻറലിജൻസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ പരിശോധന മറികടക്കാൻ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ വർഷം സർക്കാർ രാമചന്ദ്രറാവുവിനോട് നിർബന്ധിത അവധിയെടുക്കാൻ നിർദേശിച്ചു. അവധി പൂർത്തിയാക്കി അടുത്തിടെയാണ് രാമചന്ദ്ര റാവു സർവീസിൽ തിരിച്ചെത്തിയത്.