‘കടത്തിണ്ണയിൽ കിടക്കില്ല, വാടകയ്ക്ക് പോകാൻ ആസ്തിയുണ്ട്, ബിഷപ്പിന്റെ പ്രശ്നം സെലിബ്രിറ്റി ആയ ശേഷം’; രേണു സുധി

രേണു സുധിക്ക് വീട് വച്ച് നൽകാൻ അനുവദിച്ച ഭൂമിയുടെ ആധാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന ബിഷപ്പ് നോബിൾ ഫിലിപ്പിന്റെ നടപടിയിൽ പ്രതികരണവുമായി രേണു സുധി. ബിഷപ്പിനെതിരെ രേണു നടത്തിയ സോഷ്യൽ മീഡിയയിലെ പരാമർശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ സ്ഥലം തിരികെ വാങ്ങുമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മാധ്യമങ്ങളോട് രേണു സുധി പ്രതികരിച്ചിരിക്കുന്നത്.

‘വിവാദങ്ങൾ നടക്കുമ്പോൾ ഞാൻ സ്ഥലത്ത് ഇല്ലായിരുന്നു. ഞാൻ ബഹ്റൈനിലായിരുന്നു. വീട്ടുകാരാണ് നോട്ടിസ് അയച്ചുവെന്ന് പറഞ്ഞത്. രജിസ്റ്റേർഡ് ആയാണ് നോട്ടിസെത്തിയത്. നാട്ടിൽ ഇല്ലാത്തതിനാൽ നോട്ടിസ് കൈപ്പറ്റിയിട്ടില്ല. ബിഷപ്പ് എനിക്ക് അല്ല സ്ഥലം തന്നത്. ഒരു സാക്ഷി എന്ന നിലയിൽ പോലും രേഖകളിൽ എന്റെ പേരില്ല. ഉണ്ടെങ്കിൽ പ്രതികരിച്ചേനെ എന്നും രേണു പറഞ്ഞു. വീടും സ്ഥലവും മക്കളുടെ പേരിലാണ് നൽകിയത്. കൊല്ലം സുധിയുടെ രണ്ടുമക്കളായ രാഹുൽ ദാസിനും ഋതുൽ ദാസിനുമാണ് ബിഷപ്പ് സ്ഥലം കൊടുത്തത്. എനിക്ക് അവകാശമില്ല, പിന്നെന്തിനാണ് നോട്ടീസ് അയക്കുന്നത്. കുഞ്ഞുങ്ങളെയും കൊണ്ട് കടത്തിണ്ണയിൽ കിടക്കില്ല. നിയമപരമായി ഇറക്കിവിടട്ടെ. 5000 രൂപ കൊടുത്ത് വാടകയ്ക്ക് കഴിയാൻ ഇന്ന് എനിക്ക് കഴിയും. രണ്ട് കുട്ടികളുടെയും വീട്ടിൽ നിന്ന് അത് ദാനമായി തന്നയാൾ ഇറക്കിവിടുമെങ്കിൽ അങ്ങനെ ചെയ്യട്ടെ.’ ‘ഒരു ബിഷപ്പിന് ചേർന്ന രീതിയിൽ അല്ല അദ്ദേഹം സംസാരിക്കുന്നത്. എന്തിന്റെ പേരിലാണെങ്കിലും കൊടുത്ത സ്ഥലം തിരിച്ച് വാങ്ങുന്നത് നല്ല പ്രവർത്തിയാണോ? രേണുവിനോട് പണി കിട്ടി എന്ന് പറയുന്നവരോട് രേണുവിന് എന്ത് പണി കിട്ടാനാണ് ?, രേണുവിന് അല്ല സ്ഥലം, രേണുവിന്റേത് അല്ല വീട്.’ ‘ബിഷപ്പിന് എന്താണ് എന്നോട് പ്രശ്നമെന്ന് അറിയില്ല. കേസിൽ പെട്ട സ്ഥലമാണ് തന്നതെന്ന് പറഞ്ഞുകേൾക്കുന്നു. ഞാൻ സെലിബ്രിറ്റി ആയ ശേഷമാണ് ബിഷപ്പിന് എന്നോട് പ്രശ്നം. ബിഷപ്പ് ഇന്റർവ്യൂകളിൽ എന്റെ കുറ്റം പറഞ്ഞതിനു ശേഷം ക്ഷമയുടെ െനല്ലിപ്പലക കണ്ടാണ് ഞാൻ എന്തെങ്കിലുമൊക്കെ പറയാൻ തുടങ്ങിയത്. ആദ്യമൊക്കെ നല്ല സൗഹൃദമായിരുന്നു. വാട്സാപ്പിൽ മെസേജ് അയക്കാറുണ്ടായിരുന്നു അദ്ദേഹം.എന്റെ കയ്യിൽ ഒരു കോൾ റെക്കോർഡ് കയ്യിലുണ്ട്. കുഞ്ഞുങ്ങൾക്ക് വീടുനൽകിയതിൽ എനിക്ക് ഒരു പ്രശ്നവുമില്ല, രേണുവിനോടും പ്രശ്നമില്ല എന്ന് പറയുന്ന കോൾ റെക്കോർഡായിരുന്നു അത്. ബിഷപ്പിനോട് എന്റെ സഹോദരി സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ അദ്ദേഹം പറഞ്ഞത്. പിന്നെ എന്താണ് ഇത്ര പെട്ടെന്ന് പൊട്ടിമുളച്ച വിവാദമെന്ന് അറിയില്ല. വ്ലോഗർമാരാണ് രേണുവിനെക്കുറിച്ച് പറയാൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞതായും രേണു സുധി പറഞ്ഞു. ‘കൊടുത്ത വീട് കുഞ്ഞുങ്ങളിൽ നിന്ന് തിരിച്ച് വാങ്ങുകയാണെങ്കിൽ അവരെ ദൈവം അനുഗ്രഹിക്കട്ടെ, രേണുവും വീടും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും’ രേണു സുധി പറഞ്ഞു.

മിമിക്രി കലാകാരൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് ബിഷപ്പ് നോബിൾ ഫിലിപ്പ്, ഏഴു സെന്റ് സ്ഥലം ഇഷ്ടദാനമായി കൊല്ലം സുധിയുടെ മക്കൾക്ക് അനുവദിച്ചത്. ഈ സ്ഥലത്ത് കേരളാ ഹോം ഡിസൈൻ എന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനായ ഫിറോസിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകുകയായിരുന്നു.