റിപ്പബ്ലിക് ദിനത്തിൽ രാഹുൽ ഗാന്ധി ‘പട്ക’ ധരിച്ചില്ല ; ആരോപണവുമായി ബിജെപി

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗതമായ ഷാൾ (പട്ക) ധരിക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ലെന്ന് ബിജെപി ആരോപിച്ചു. പ്രസിഡന്റ് ദ്രൗപദി മുർമു രണ്ടുതവണ ഓർമിപ്പിച്ചു. എന്നിട്ടും രാഹുൽ പട്ക ധരിച്ചില്ലെന്നാണ് ബിജെപിയുടെ ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി (ഐടി) വിഭാഗം മേധാവി അമിത് മാളവ്യ എക്‌സിൽ കുറിച്ചത്. പ്രധാനമന്ത്രി, യൂറോപ്യൻ യൂണിയൻ നേതാക്കൾ, വിദേശ പ്രതിനിധികൾ ഉൾപ്പെടെ ഡ്രസ്‌കോഡ് പാലിച്ചുവെന്നും മാളവ്യ ട്വീറ്റ് ചെയ്തു.

രാഹുൽ ഗാന്ധി പട്ക ധരിക്കാതെ നിൽക്കുന്ന ചിത്രവും മാളവ്യ കുറിപ്പിനൊപ്പം പങ്കുവെച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുലിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. വടക്കുകിഴക്കൻ പ്രദേശത്തോടുള്ള തുടർച്ചയായ വിവേചനം കാരണം സമീപവർഷങ്ങളിൽ കോൺഗ്രസിന് ഈ മേഖലയിൽ കാര്യമായ സ്വാധീന നഷ്ടമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി മുതൽ വിദേശ പ്രതിനിധികൾ വരെ എല്ലാവരും പട്ക ധരിച്ചപ്പോൾ രാഹുൽ മാത്രം വിട്ടുനിന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും പട്ക ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് പ്രതിരോധിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന ചിത്രം പാർട്ടി സാമൂഹിക മാധ്യമ പോസ്റ്റിൽ പങ്കുവെച്ചു. ഹിമന്ത ബിശ്വ ശർമ രാജ്‌നാഥ് സിങിനോടും ക്ഷമാപണം ആവശ്യപ്പെടുമോ എന്നും കോൺഗ്രസ് ചോദിച്ചു.