ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ വടകര എംപി ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്.

ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാൽപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എംഎൽഎയായിരുന്നു ഷാഫി. കേസിൽ നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. വിധിയിൽ അഞ്ച് മണി വരെ നിൽക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കേസിൽ ഒമ്പതാം പ്രതിയായ പി സരിൻ ഇതിനോടകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സരിൻ സംഭവ സമയത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു.