കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്ക് സമീപം മാമലയിൽ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്താണെന്ന് ജീവനൊടുക്കുന്നതെന്നാണ് പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. തിരുവാങ്കുളം മാമലയിൽ കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയാണ് മരിച്ചത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെയാണ് മണിക്കൂറുകൾക്കകം മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുപരിസരത്തെ ക്വാറിയോട് ചേർന്നുള്ള വെള്ളക്കെട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സ്‌കൂൾ ബാഗ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിൽ പാറമടയ്ക്കുള്ളിലെ വെള്ളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്താണ് ജീവനൊടുക്കിയത് എന്നാണ് പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അതിൽനിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. ‘ഇക്കഴിഞ്ഞ 19-ന് യുവാവ് മരിച്ചു, ഇയാളുടെ മരണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു’ എന്നാണ് കുട്ടി കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ചോറ്റാനിക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


യുവാവ് ശരിക്കും മരിച്ചിട്ടുണ്ടോ എന്നും, എന്താണ് പെൺകുട്ടിയെ മരണത്തിലേക്ക് നയിച്ചത് എന്നും പൊലീസ് അന്വേഷിക്കും. പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.























