കൊച്ചി: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്ത്. വന്തിട്ടെയെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെയെന്ന് സൊല്ല്.. എത്രകാലം കള്ള കേസിൽ അകത്തിട്ടാലും അവൻ തിരിച്ചു വരും, സത്യം തിരിച്ചടിക്കും എന്നാണ് രാഹുൽ ഈശ്വർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

എംഎൽഎയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് കോടതി സംശയമുന്നയിച്ചിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗം ശ്രമിച്ചത്. നിലവിൽ രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയാണ് രാഹുൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കുക.

























