വൃക്ക മാറ്റിവെക്കണം, ഇടക്കാലജാമ്യം തേടി ടിപി വധക്കേസ് പ്രതി; മെഡിക്കൽബോർഡ് രൂപീകരിക്കാൻ നിർദേശം

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ സുപ്രീം കോടതിയുടെ നിർദേശം. കണ്ണൂർ മെഡിക്കൽ കോളേജിനാണ് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശം നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ ജ്യോതി ബാബുവിനെ പരിശോധിച്ച ശേഷം റിപ്പോർട്ട് കൈമാറണമെന്ന് സുപ്രീം കോടതി മെഡിക്കൽ ബോർഡിന് നിർദേശം നൽകി.

ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ജ്യോതി ബാബുവിന്റെ ആവശ്യം പത്തുദിവസത്തിന് ശേഷം പരിഗണിക്കാനായി മാറ്റി. ജ്യോതി ബാബുവിന്റെ രണ്ട് വൃക്കകളും തകരാറിലായതായി അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ എസ്. നാഗമുത്തുവും അഭിഭാഷകൻ ജി. പ്രകാശും കോടതിയിൽ ചൂണ്ടിക്കാട്ടി. വൃക്ക മാറ്റി വെക്കണം. അതിനായി മൂന്ന് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ വൃക്ക നൽകാനുള്ള ദാതാക്കൾ ആയോ എന്ന് കോടതി ആരാഞ്ഞു. വൃക്ക മാറ്റി വയ്ക്കൽ അത്ര പെട്ടെന്ന് നടക്കുന്ന കാര്യം അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജ്യോതി ബാബുവിന്റെ ആരോഗ്യ സ്ഥിതി മോശമാകുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

ജീവൻ ഉണ്ടെങ്കിൽ മാത്രമേ ശിക്ഷ അനുഭവിക്കാൻ കഴിയുകയുള്ളുവെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. ജ്യോതി ബാബുവിന് എല്ലാ ചികിത്സയും ജയിലിൽ നൽകുന്നുണ്ട് എന്ന് സംസ്ഥാന സർക്കാർ അഭിഭാഷകർ അറിയിച്ചപ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കെ.കെ. രമയ്ക്ക് വേണ്ടി ഇന്ന് സുപ്രീം കോടതിയിൽ ഹാജർ ആയത് സീനിയർ അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷകൻ എ. കാർത്തിക് എന്നിവരാണ്.