ബെംഗളൂരു: റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയി സ്വയം വെടിവച്ചു മരിച്ച സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നു സഹോദരൻ സി.ജെ.ബാബു ആരോപിച്ചു. ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നെന്നാണു സി.ജെ.ബാബുവിന്റെ വെളിപ്പെടുത്തൽ.

മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനൽ കമ്മിഷണർ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി.ജെ.ബാബു പറഞ്ഞു. മരണദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നെന്നും സഹോദരൻ വെളിപ്പെടുത്തി. ‘‘നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു. ഇന്ന് (ശനിയാഴ്ച) 7 മണിക്കു കാണാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല. കുടുംബത്തെ കണ്ട ശേഷം നിയമനപടികൾ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കും’’ – സി.ജെ.ബാബു പറഞ്ഞു.


അതേസമയം സി.ജെ.റോയിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. സി.ജെ.റോയ് നെഞ്ചിനാണ് വെടിയുതിർത്തതെന്നാണു വിവരം. മൃതദേഹം ബൗറിങ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം നാളെ വൈകിട്ട് നാലിന് ബന്നാർഘട്ടയിൽ നടക്കും. രാവിലെ എട്ടുമുതൽ രണ്ടുമണി വരെയാണു പൊതുദർശനം. പൊലീസിന് റോയിയുടെ 2 ഐഫോണുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ ഇവ ഇതുവരെ ഓപ്പൺ ചെയ്യാൻ കഴിഞ്ഞിട്ടില്ല. സിസിടിവി തെളിവുകളും ലഭ്യമല്ല. സി.ജെ.റോയിയുടെ ഭാര്യയും മക്കളും ദുബായിൽനിന്ന് ബെംഗളൂരുവിലെത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തി. ഓഫിസിൽ റോയിയെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു. രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്നും പ്രകാശ് പറയുന്നു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം. മൂന്നു ദിവസമായി കോൺഫിഡന്റ് ഓഫിസുകളിൽ റെയ്ഡ് തുടരുകയായിരുന്നു. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. നോട്ടിസ് നൽകി റോയിയെ ദുബായിൽനിന്നു വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്. റോയ് സ്വയം നിറയൊഴിച്ചത് അറിഞ്ഞശേഷവും റെയ്ഡ് തുടർന്നതായി ആരോപണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ബാലിസ്റ്റിക് വിദഗ്ധർ ഉൾപ്പെടുന്ന ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. തോക്ക് അശോക് നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.























