കോഴിക്കോട്: കക്കോടിയിൽ, ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ യുവതിയെ, കഴുത്തിൽ കുരുക്കിട്ട ശേഷം സ്റ്റൂൾ തട്ടിമറിച്ചു കൊലപ്പെടുത്തിയ ശേഷവും വൈശാഖൻ മൂന്നു തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വർക്ക് ഷോപ്പിൽ വന്നില്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വൈശാഖൻ പൊലീസിനോടു പറഞ്ഞു. യുവതിയെ വശീകരിക്കാൻ പ്രതി ആഭിചാരക്രിയകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവതി പിടഞ്ഞ് മരിക്കുമ്പോഴും വൈശാഖൻ പീഡിപ്പിക്കുന്നത് സിസിടിവി ദ്യശ്യത്തിലുണ്ട്. കെട്ടഴിച്ച് താഴെ കിടത്തി രണ്ട് തവണ പീഡിപ്പിച്ചു. വർക്ക് ഷോപ്പിലെ സിസിടിവിൽ മൂന്ന് മണിക്കൂറിലേറെയുള്ള ദ്യശ്യങ്ങളിൽ കൊലപാതകത്തിനു വൈശാഖൻ നടത്തിയ ആസൂത്രണവുമുണ്ട്.

വൈശാഖൻറെ പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഇതിനിടെ വശീകരണ ശ്രമത്തിൻറെ ഭാഗമായി ത്യശൂരിലും ആലപ്പുഴയിലും ആണ് ആഭിചാരക്രിയകൾ നടത്തിയത്. അതിനുശേഷവും പെൺകുട്ടി അകൽച്ച തുടർന്നതോടെയാണ് നഗ്നഫോട്ടോയുടെ കാര്യം പറഞ്ഞ് വർക് ഷോപ്പിലേക്കു വിളിച്ചു കൊലപ്പെടുത്തിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് ഡയറി എഴുതി മൂന്ന് മണിക്കൂറിനകമാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം തിരിച്ചെത്തി സിസിടിവിയുടെ ഹാർഡ് ഡിസ്ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാൽ കേസിൽ തുടക്കത്തിൽതന്നെ ദുരൂഹത തോന്നിയ പൊലീസ് ഉടൻതന്നെ വർക്ഷോപ് സീൽ ചെയ്തതിനാൽ അതു നടന്നില്ല. സിസിടിവി ദൃശ്യങ്ങളും യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളുമാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് വൈശാഖനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു. യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടും ആർക്കും സംശയത്തിന് ഇടനൽകാത്ത വിധമായിരുന്നു വൈശാഖന്റെ ഇടപെടലുകൾ.

























