തിരുവനന്തപുരത്ത് വാഹനാപകടം: ന്യൂസ് മലയാളം ക്യാമറാമാൻ ജ്യോതിഷ് ജെ ബി അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ ജെ ബി ജ്യോതിഷാണ് (27) മരിച്ചത്. നേമം പള്ളിച്ചൽ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകനാണ് ജ്യോതിഷ്. ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമായിരുന്നു അപകടം.രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ മ്യൂസിയം പൊലീസ് ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മ്യൂസിയം പൊലീസ് വ്യക്തമാക്കി.