മണിയൻപിള്ള രാജുവിന്റെ മകന്റെ വാഹനം അപകടത്തിൽപ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനവും അപകടത്തിൽ പെട്ടു. തലനാരിഴയ്ക്കാണ് നിരഞ്ജ് ഉൾപ്പടെയുള്ള താരങ്ങൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്. അച്ഛന് പിന്നാലെ മകനും വാഹനാപകടത്തിൽ പെട്ടത് വാർത്തയായിരുന്നു. പുതിയ ചിത്രമായ ‘മസ്തിഷ്കമരണം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.

സിനിമയുടെ പ്രമോഷനിടെ ഉണ്ടായ അപകടത്തെക്കുറിച്ച് നിരഞ്ജ് തന്നെ മാധ്യമങ്ങളോട് വിശദീകരിച്ചു. “വന്ന വഴിക്ക് വണ്ടി ഒന്ന് തട്ടി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചത് ഒരു കെ.എസ്.ആർ.ടി.സി ബസ് ആണ്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല,” നിരഞ്ജ് മണിയൻപിള്ള രാജു പറഞ്ഞു. ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. ഫെബ്രുവരി ആറിന് രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. താരം ഓടിച്ചിരുന്ന കാർ രണ്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതും വലിയ ചർച്ചയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജു, ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്ന് വെളിപ്പെടുത്തിയിരുന്നു. ബൈക്ക് വളരെ വേഗത്തിൽ വന്ന് തന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.