കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്. കേസിൽ അറസ്റ്റിലായ ഷിംജിത 22 ദിവസമാണ് റിമാൻഡിലായി കോഴിക്കോട് ജയിലിൽ കിടന്നത്. 9000 രൂപയുടെ ബോണ്ടും, കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ മാസത്തിൽ രണ്ടു തവണ ഹാജരാകണം എന്നീ ഉപാധികളാണ് ഷിംജിതയ്ക്ക് നിർദേശിച്ചിട്ടുള്ളത്. മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ചയും, മാസത്തിലെ അവസാന ആഴ്ചയിലെ ഒരു ദിവസവുമാണ് പൊലീസിന് മുന്നിൽ ഹാജരാകേണ്ടത്.

























