അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മാതാപിതാക്കൾക്ക് സാന്ത്വനമേകി തെന്നിന്ത്യൻ ചലച്ചിത്രതാരം കമൽഹാസൻ. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തിരുന്നു. മനസ്സുകൊണ്ടും ഹൃദയംകൊണ്ടും ആലിന്റെ മാതാപിതാക്കൾ സ്നേഹനിധികളാണെന്നും അവർക്ക് ജീവിതത്തിൽ സന്തോഷം വീണ്ടെടുക്കാൻ സാധിക്കട്ടെയെന്നും കമൽഹാസൻ കുറിച്ചു.

‘അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ, നിങ്ങളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ കുഞ്ഞ്, ആലിൻ ഷെറിൻ എബ്രഹാം, അവളുടെ അമ്മയുടെ ഉദരത്തിൽ ഏതാനും മാസങ്ങൾ ജീവിച്ചു; പിന്നീട് പത്ത് മാസം അവളുടെ മാതാപിതാക്കളുടെ അതിരില്ലാത്ത സ്‌നേഹാലിംഗനങ്ങൾക്കിടയുലും. ഇപ്പോഴിതാ, അവൾ മറ്റ് അഞ്ച് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു.’-കമൽ ഹാസൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


‘മനസ് കൊണ്ടും ഹൃദയം കൊണ്ടും നിങ്ങൾ സ്‌നേഹനിധികളായ മാതാപിതാക്കളാണ്, നിങ്ങൾ എല്ലായ്‌പ്പോഴും അങ്ങനെ തന്നെയായിരിക്കും. ദയവായി ജീവിതത്തിലൂടെ നിങ്ങളുടെ സന്തോഷം വീണ്ടെടുക്കുക. നിങ്ങൾ ഇരുവരും അത് അർഹിക്കുന്നു. പ്രിയപ്പെട്ട ഷെറിൻ, അരുൺ, നിങ്ങളുടെ കമൽഹാസൻ.’ -അദ്ദേഹം കുറിച്ചു. ആലിൻ ഷെറിൻ എബ്രഹാമിന്റെ പുഞ്ചിരിക്കുന്ന ചിത്രവും അരുണും ഷെറിനും ആലിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് കമൽഹാസൻ ഇത്രയും കുറിച്ചത്.























