‘ബോളിവുഡിന് മാറിടവും, സൗത്തിന് വയറും’; നടിയുടെ ശരീരം ക്യാമറയിൽ പകർത്താനാണ് അവർക്ക് താത്പര്യം, താപ്‌സി പന്നു

തെന്നിന്ത്യൻ സിനിമയിൽ അഭിനയിച്ചപ്പോൾ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറയുകയാണ് താപ്‌സി പന്നു. തെന്നിന്ത്യൻ സിനിമയിലെ സംവിധായകർ നടിമാരോട് പാഡഡ് ബ്രാ ധരിക്കാൻ ആവശ്യപ്പെടാറുണ്ടെന്നാണ് താപ്‌സി പറയുന്നത്. അഭിനേതാക്കളുടെ അഭിനയം പകർത്തുന്നതിനേക്കാൾ ശരീരം കാമറയിൽ പകർത്തുന്നതിന് മുൻതൂക്കം നൽകുന്ന ശീലം എല്ലാ ഇൻഡസ്ട്രിയിലും ഉണ്ടെന്നും താപ്‌സി പറയുന്നു.

തെന്നിന്ത്യൻ സിനിമയിൽ നടിമാരുടെ വയർ കാമറയിൽ പകർത്താൻ ശ്രമിക്കുമ്പോൾ ബോളിവുഡിൽ നടിമാരുടെ മാറിടം പകർത്താനാണ് ശ്രമിക്കുന്നതെന്നും താപ്‌സി പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് താൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ”സൗത്തിൽ അവർ ചിലപ്പോൾ നടിമാരോട് പാഡഡ് ബ്രാ ധരിക്കാൻ പറയും. പക്ഷെ ഇത് ആരു വഴിയാണ് അറിയിക്കുക എന്ന് അറിയില്ല. കാരണം സെറ്റിൽ ആകെ രണ്ടോ മൂന്നോ സ്ത്രീകളേ ഉണ്ടാകൂ. ഡയറക്ടർ അസിസ്റ്റന്റ് ഡയറക്ടറോട് പറയും. അയാളത് നടിയുടെ മേക്കപ്പ് ടീമിലെ സ്ത്രീയോട് പറയും. അങ്ങനെ അങ്ങനെയാണ് നടിയിലേക്ക് ഇക്കാര്യം എത്തുക” എന്നും താപ്‌സി പറയുന്നു. അത് വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നതും അപമാനകരവുമാണെന്നും താപ്‌സി തുറന്നടിച്ചു. ഷോട്ടിന് തയ്യാറായി വരുമ്പോൾ എന്ത് മാറ്റമാണ് ഉണ്ടായിരുന്നതെന്ന് സെറ്റിലുള്ളവരെല്ലാം തുറിച്ച് നോക്കുന്നത് വല്ലാതെ നാണം കെടുത്തുന്നതാണെന്നും താപ്‌സി പറഞ്ഞു. പലപ്പോഴും ഷോട്ടിന് മുമ്പായി പലവട്ടം ഇത്തരത്തിൽ പരിശോധിക്കുമെന്നും താരം പറയുന്നു. പ്രേക്ഷകരുടെ താൽപര്യങ്ങളേയും ഫാന്റസികളേയും തൃപ്തിപ്പെടുത്താനായാണ് സംവിധായകർ നടിമാരുടെ ശരീരഭാഗങ്ങൾ എടുത്ത് കാണിക്കാനായി ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും താപ്‌സി പറഞ്ഞു.