കഴുത്ത് ഇറങ്ങി കിടന്നത് ഫോക്കസ് ചെയ്ത് വിഡിയോ എടുത്തു, ഇവിടെ ജീവിക്കാൻ പേടിയാകുന്നു: ആരതി കൃഷ്ണ

ബോഡി ബിൽഡിങ് മേഖലയിൽ സ്വന്തം വിലാസം വെട്ടിത്തെളിച്ച താരമാണ് ഇൻഫ്ലുവൻസറും മിസ് കേരള ഫിറ്റ്നസ് ജേതാവ് കൂടിയായ ആരതി കൃഷ്ണ. എന്നാൽ തന്റെ കരിയറിനെയും സ്വകാര്യ ജീവിതത്തെയും തകർക്കുന്ന രീതിയിൽ ചില യൂട്യൂബേഴ്സ് നടത്തുന്ന സൈബർ വേട്ടയ്ക്കെതിരെ ശക്തമായ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ആരതി. പൊതുവേദികളിൽ വസ്ത്രധാരണത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധകളെപ്പോലും ലൈംഗിക ചുവയോടെ ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കുന്നതും, തന്റെ വാക്കുകളെ വളച്ചൊടിച്ച് ദ്വയാർഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്നതും തന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നു എന്ന് ആരതി പറയുന്നു.

കേവലം റീച്ചിന് വേണ്ടി ഒരു പെൺകുട്ടിയുടെ അന്തസ്സിനെ വിൽപ്പനയ്ക്ക് വയ്ക്കുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും, തന്നെ മാനസികമായി തകർത്ത് ഇല്ലാതാക്കരുതെന്നും നിറകണ്ണുകളോടെ ആരതി അഭ്യർഥിക്കുന്നു. സോഷ്യൽ മീഡിയയിലെ ‘ലൈംഗിക ദാരിദ്ര്യത്തിന്’ തന്നെ ഇരയാക്കരുതെന്ന ഈ പോരാളിയുടെ തുറന്നുപറച്ചിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ് ‘‘വളരെയധികം വിഷമത്തോടെയാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. അത്താണിയിൽ ഒരു പ്രോഗ്രാമിന് പോയിരുന്നു. കഴിഞ്ഞൊരു പ്രോഗ്രാമിന് ശേഷം വളരെ മോശമായ രീതിയിലുള്ള എന്റെ കുറെ വിഡിയോകൾ കണ്ടു. അതുകൊണ്ട് തന്നെ ഈ പ്രോഗ്രാമിന് പോയപ്പോൾ ഞാൻ എല്ലാ മീഡിയയോടും ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിരുന്നു. എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത് മീഡിയ ആണ്, ഞാൻ ഇന്ന് ഈ ഒരു അവസ്ഥയിൽ നിൽക്കുന്നുണ്ടെങ്കിൽ അതിനെല്ലാം ഒരു പ്രധാന പങ്കുവഹിച്ചതും ഇവരാണ്. അതുകൊണ്ട് എനിക്ക് അവരോട് ഭയങ്കരമായ ബഹുമാനവും കടപ്പാടും എല്ലാം ഉണ്ട്.

പക്ഷേ കഴിഞ്ഞ ഒരു പ്രോഗ്രാമിന്റെ വിഡിയോകൾ പുറത്തു വന്നപ്പോൾ ഞാൻ പോലും അറിയാതെ എന്നെ വേറെൊരു കാറ്റഗറിയിലേക്ക് പെടുത്തുന്നത് പോലെ തോന്നി. ഞാൻ അങ്ങനെ ഒരാളേ അല്ല, എന്നെ അങ്ങനെ ആക്കാൻ ശ്രമിക്കരുതെന്ന് ഞാൻ എല്ലാ യൂട്യുബേഴ്സിനോടും പറഞ്ഞു. കലക്‌ഷൻ ഡ്രസ്സ് തരുമ്പോൾ അതിൽ നിന്ന് നമുക്ക് പാകമാകുന്നത് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടിട്ടാണ്, ചിലതൊന്നും നമ്മുടെ ശരീരത്തിനനുസരിച്ച് ഉള്ളതാകില്ല, ചിലത് കഴുത്ത് വളരെ ഇറങ്ങിയതാകും, മറ്റൊരാളുടെ അളവിനുള്ളതാകും. ഈ ഒരു ചെറിയ കാര്യമല്ലേ ഉള്ളൂ എന്ന് കരുതിയാകും നമ്മൾ അത് ഉപയോഗിക്കുക. ഒരേ സമയത്ത് പല കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ വസ്ത്രത്തിന്റെ കാര്യം ചിലപ്പോൾ മാനേജ് ചെയ്യാൻ പറ്റി എന്ന് വരില്ല. ചിലപ്പോൾ കുനിയുമ്പോൾ വസ്ത്രത്തിന്റെ കഴുത്ത് ഇറങ്ങിപോകും, സ്ലിറ്റ് മാറി കിടക്കും, എല്ലാം ഒന്നും എപ്പോഴും ശ്രദ്ധിക്കാൻ പറ്റില്ല. കഴിഞ്ഞ ദിവസം പങ്കെടുത്ത ചടങ്ങിൽ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്.

പരിപാടി കഴിഞ്ഞു വന്ന് ചെരുപ്പ്‌ ഇട്ടുകൊണ്ടിരുന്നപ്പോൾ കഴുത്ത് പിടിച്ചു നേരെ ആക്കാൻ മറന്നുപോയി. ആ സമയത്ത് ചെരുപ്പ് ഇട്ടുകൊണ്ടിരുന്ന സമയമത്രയും എന്റെ കഴുത്ത് ഇറങ്ങി കിടന്നത് ഫോക്കസ് ചെയ്ത് മുഴുവൻ കവർ ചെയ്ത് പല യൂട്യൂബേഴ്സും വിഡിയോ എടുത്ത് ഇടുകയുണ്ടായി. ഞാൻ ഈ വിഡിയോ ഒന്നും നോക്കാൻ പോകാറില്ല, പക്ഷേ ഇത് കാണുന്ന പലരും എനിക്ക് എടുത്ത് അയച്ചു തരികയുണ്ടായി. ഇത് ഞാൻ മാത്രമല്ല എന്റെ കുടുംബക്കാരും അമ്മയും എനിക്ക് ചുറ്റുമുള്ള ആൾക്കാരും കാണുന്നുണ്ട്. എന്റെ അമ്മ ഇത് കണ്ടിട്ട് ഒരുപാട് വിഷമിച്ചിട്ടുണ്ടാകും, ഇത്രയും മനുഷ്യത്വമില്ലാത്ത ആൾക്കാർ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നറിയുമ്പോൾ എനിക്ക് ഇവിടെ ജീവിക്കാൻ തന്നെ പേടിയാവുകയാണ്. ഇതൊക്കെ വേണ്ടെന്നു വച്ചാലോ എന്നുപോലും തോന്നിപ്പോവുകയാണ്. പക്ഷേ നമ്മൾ ജീവിക്കണം എന്ന് ആഗ്രഹമുള്ളതുകൊണ്ടും, ഞാൻ എവിടെനിന്ന് വന്നോ അങ്ങോട്ട് തിരിച്ചു പോകാൻ താല്പര്യമില്ലാത്തതും കൊണ്ടാണ് ഇവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത്. ദയവ് ചെയ്ത് എന്നെ ഇല്ലാണ്ടാക്കാൻ ശ്രമിക്കരുത്.’’–ആരതി കൃഷ്ണ പറഞ്ഞു.