എംആർഐ സ്‌കാനിങിൽ ഗുരുതര പ്രശ്‌നമില്ല; കഴുത്തിന് നേരിയ ക്ഷതം; മന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇല്ല

കണ്ണൂർ: ഇന്നലെ കണ്ണൂരിൽ കെ എസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വിണാ ജോർജിന്റെ കഴുത്തിന് നേരിയ ക്ഷതമമെന്ന് എംആർഐ സ്‌കാനിങ് റിപ്പോർട്ട്. കഴുത്തിലേറ്റ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പ് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടതുകൈയിലും നേരിയ ക്ഷതമുണ്ട്. എന്നാൽ എംആർഐ സ്‌കാനിങിൽ ഗുരുതര പ്രശ്‌നമില്ലന്നാണ് വിവരം. രാവിലെ എട്ട് മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേരും അതിന് പിന്നാലെ പത്ത് മണിക്ക് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും. അതിൽ മന്ത്രിയുടെ ആരോഗ്യവിവരങ്ങൾ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഉണ്ടാകും.

ഇന്നലെ രാത്രി മന്ത്രിയെ എംആർഐ പരിശോധനയ്ക്ക് വിധേയമാക്കിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയാണ് പരിശോധന നടത്തിയത്. മന്ത്രി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്. അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന പറഞ്ഞു. സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ആർ.പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്.

വീണാ ജോർജിനു പരിക്കേറ്റ സംഭവത്തിൽ അഞ്ച് കെഎസ്യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കെഎസ്യു പ്രവർത്തകർക്ക് എതിരായ കേസ്. കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയിൽവേ പൊലീസിനു കൈമാറുകയായിരുന്നു.