ശബരിമല സ്വർണ കൊടിമര പുനഃപ്രതിഷ്ഠ: സ്വർണം സംഭാവന നൽകിയത് സുരേഷ് ഗോപി അഭ്യർഥിച്ചിട്ടെന്ന് മോഹൻലാലും ദിലീപും

തിരുവനന്തപുരം: ശബരിമല സ്വർണ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് നടന്മാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.

സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹൻ ലാലിന്റെ മൊഴിയിൽ പറയുന്നു.

തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാലിന്റെ മൊഴിയെടുത്തത്. ദിലീപിന്റെ മൊഴി കൊച്ചിയിൽ വച്ചാണ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രത്യേക വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം 2017ലെ കൊടിമര പുനർനിർമാണം അന്വേഷിക്കുന്നത്. മുപ്പത് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതിയുടെ നിർദേശം. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് കൊടിമര പുനർനിർമാണത്തിനായി മൂന്ന് കോടി രൂപ സംഭാവനയായി നൽകിയത്. ഇതിന് പുറമെ നിരവധി ഭക്തരും സംഭാവന നൽകിയിരുന്നു. സംഭാവന നൽകിയവരുടെ കൂട്ടത്തിൽ സുരേഷ് ഗോപി, രൺജി പണിക്കർ, നിർമാതാവ് സുരേഷ് എന്നിവരിൽ നിന്ന് വിജിലൻസ് സംഘം ഇത് സംബന്ധിച്ച് നേരത്തെ മൊഴിയെടുത്തിരുന്നു.യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ ഭരണസമിതിയാണ് ശബരിമലയിൽ പഴയ കൊടിമരം മാറ്റി പുതിയത് നിർമ്മിച്ചത്. കൊടിമര പുനർനിർമാണത്തിന്റെ മറവിൽ സ്വർണവും പണവും തട്ടിയെടുത്തെന്നാണ് ആരോപണം.