തിരുവനന്തപുരം: കേരള സ്റ്റോറി 2 സിനിമക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ എസ് നുസൂർ. സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയത്. മതസ്പർധ വളർത്താനുള്ള ഗൂഢാലോചനയെന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവർക്കാണ് പരാതി നൽകിയത്. അതേസമയം കേരള സ്റ്റോറി 2ൻറെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വെസ്റ്റ് ബംഗാളിലെ തീയറ്ററിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ്.

കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കവെയാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. ഇക്കാര്യം ഹൈക്കോടതിയിലുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഹർജിക്കാർ. ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് ഉൾപ്പടെ രംഗങ്ങൾ ചിത്രീകരിച്ച് ടീസറാക്കി പുറത്തുവിട്ട്, കേരളത്തിൻറെ മതേതര മുഖം വികൃതമാക്കി കാണിക്കാൻ ശ്രമിച്ച സിനിമയുടെ പ്രദർശനാനുമതി ഹൈക്കോടതി തടഞ്ഞിരുന്നു. സിനിമയ്ക്കെതിരെ കോടതി രൂക്ഷമായ പരാമർങ്ങളാണ് നടത്തിയത്. മതഭ്രാന്തിൻറെയും വർഗീയതയുടെയും നാടായി കേരളത്തെ ചിത്രീകരിക്കുന്ന സിനിമയ്ക്ക് പ്രദർശന അനുമതി നൽകിയ സെൻസർ ബോർഡ് നടപടിയെയും കോടതി വിമർശിച്ചിരുന്നു. സിനിമക്ക് നൽകിയ പ്രദർശനാനുമതി പുനഃപരിശോധിക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കാൻ കേന്ദ്ര സെൻസർ ബോർഡിനോട് കോടതി നിർദേശിച്ചു.


സാമുദായിക ഐക്യത്തിന് പേരുകേട്ട കേരളത്തെ ആഗോള തലത്തിൽ മതഭ്രാന്തിൻറെയും വർഗീയതയുടെയും നാടായി ചിത്രീകരിക്കാൻ സിനിമ കാരണമാകുമെന്നും ഈ ഘടകങ്ങളൊന്നും സിനിമക്ക് പ്രദർശനാനുമതി നൽകുമ്പോൾ സെൻസർ ബോർഡ് പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ‘ദി കേരള സ്റ്റോറി 2’ വിൻറെ റിലീസ് തടഞ്ഞത്.























