ശബരിമല സ്വർണക്കൊള്ള: കെ എസ് ബൈജുവിന് ദ്വാരപാലക കേസിലും ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ബൈജു ഇന്നുതന്നെ ജയിൽ മോചിതനാകും. കട്ടിളപ്പാളി കേസിൽ കൂടി മുൻപ് ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങുന്നത്. ഇടക്കാല കുറ്റപത്രം പോലും പ്രത്യേക അന്വേഷണസംഘം സമർപ്പിക്കാത്തതിനാലാണ് കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. കേസിൽ പ്രതികളായ ആറ് പേർ മുൻപ് തന്നെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും 90 ദിവസത്തെ റിമാൻഡ് കാലാവധി കെ എസ് ബൈജു പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ബൈജു ജാമ്യഹർജിയുമായി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള ആറ് പേരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദേവസ്വം മുൻ പ്രസിഡന്റ് പത്മകുമാറിന് കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസിൽ പത്മകുമാറിനെ അറസ്റ്റ് ചെയ്ത് 90 ദിവസം ഈ ആഴ്ച പൂർത്തിയാകുന്നതിനാൽ ആ കേസിൽ കൂടി ജാമ്യം നേടി പത്മകുമാറിനും ഉടൻ പുറത്തിറങ്ങാനാകും. കുറ്റപത്രം വൈകിപ്പിച്ച് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങാൻ എസ്‌ഐടി വഴിയൊരുക്കുന്നുവെന്നും ഇത്തരത്തിൽ കേസ് തേച്ചുമായ്ച്ചുകളയാൻ സർക്കാൻ നീക്കം നടത്തുന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.