നടൻ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ നടി തൃഷയ്ക്കെതിരെ കടുത്ത സൈബറാക്രമണം. തൃഷയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുള്ള ചിത്രങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം. വിജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ തൃഷ പങ്കുവച്ചിരുന്നു. ആ ചിത്രങ്ങൾക്ക് താഴെ, ‘അപ്പോ ഇത് ലവ് താനേ, എന്നും അപ്പോ പുരിയിലെ ഇപ്പോ പുരിയിത്’ എന്ന രീതിയിലും നിരവധി കമന്റുകളുണ്ട്. ഒരു കുടുംബം ഇല്ലാതാക്കിയതിന് അഭിനന്ദനങ്ങൾ എന്നുൾപ്പെടെ കടുത്ത രീതിയിലുള്ള പ്രതികരണങ്ങളും സോഷ്യൽ പേജുകളിൽ കാണാം.

കഴിഞ്ഞ ദിവസമാണ് ഭർത്താവ് വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയത്. 2021 മുതൽ ഒരു നടിയുമായി വിജയിക്കു വിവാഹേതര ബന്ധമുണ്ടെന്നും വിലക്കിയിട്ടും അതു തുടർന്നെന്നുമാണു ഹർജിയിൽ പറയുന്നത്. വിജയ്‍യുടെ കടുത്ത ആരാധികയായിരുന്ന സംഗീത 1999ലാണു വിജയ്‍യെ വിവാഹം കഴിക്കുന്നത്. വിവാഹത്തിൻറെ ആദ്യകാലങ്ങളിൽ മനോഹരമായ ദാമ്പത്യമായിരുന്നു തങ്ങളുടേതെന്ന് സംഗീത ഹർജിയിൽ പറയുന്നു. വിജയ് ജീവിതം മനോഹരമാക്കുന്നതിനുള്ളതെല്ലാം ചെയ്തിരുന്നുവെന്നും മക്കളുടെയും ഭർത്താവിൻറെയും ക്ഷേമത്തിൽ മാത്രമായിരുന്നു തനിക്ക് ശ്രദ്ധയെന്നും സംഗീത പറയുന്നു.


അക്കാലങ്ങളിൽ വിദേശത്ത് കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കാനും വിജയ് സമയം കണ്ടെത്തിയിരുന്നു. 2021 ഏപ്രിലിൽ വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് താൻ കണ്ടെത്തി. അതു തന്നെ കടുത്ത വൈകാരിക പ്രശ്നവും മാനസിക സംഘർഷവും ഉണ്ടാക്കി. ചതിച്ചുവെന്ന തോന്നലിൽ വിവാഹജീവിതത്തിലുള്ള വിശ്വാസവും നശിച്ചുവെന്നും ഹർജിയിലുണ്ട്. തുടക്കത്തിൽ വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതു പാലിക്കപ്പെട്ടില്ലെന്നും ദീർഘകാലം മാനസിക പീഡനത്തിന് ഇരയായെന്നും ഹർജിയിലുണ്ട്. നടി തുടർച്ചയായി ഇത്തരം ഒരുമിച്ചുള്ള പരിപാടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഈ പോസ്റ്റുകൾ തനിക്കും കുട്ടികൾക്കും മാനസിക സംഘർഷമുണ്ടാക്കിയതായും സംഗീത പറയുന്നു.























