മരുമകനെയും കുടുംബത്തിനെയും ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസംസ്ഥാന സർക്കാർ ബഹിഷ്‌കരിക്കുന്നത് അനാവശ്യ വിവാദങ്ങളുണ്ടാക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിന്റെ തലവൻ മുഖ്യമന്ത്രിയാണ്. ‘പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നു, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല. അത് അവർക്ക് ഒരു പ്രശ്‌നമാണെങ്കിൽ ആയിക്കോട്ടെ. കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.

‘കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രിക്കൊപ്പം മരുമകനും കുടുംബവും എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം ആര് വരണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. തെരഞ്ഞെടുപ്പിന് ഇനി മുപ്പത് ദിവസമുണ്ട്. സിപിഎം വിവാദം തിരഞ്ഞ് നടക്കുന്ന പാർട്ടിയാണ്. 30 ദിവസം കഴിഞ്ഞിട്ട് പിണറായി മുഖ്യമന്ത്രി ആകില്ലെന്നും റിയാസ് മന്ത്രിയാകില്ലെന്നും അവർക്കറിയാം. എന്തെങ്കിലും ഒരു വിവാദം ഉണ്ടാക്കുകയാണ് ലക്ഷ്യം. അതിൽ മാധ്യമങ്ങൾ പങ്കാളികളാകരുത്.’

പ്രധാനമന്ത്രി വരുന്ന കാര്യം ദിവസങ്ങൾക്ക് മുന്നെ മുഖ്യമന്ത്രിക്കറിയാം. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല. ഇതെല്ലാം വിവാദം സൃഷ്ടിക്കാനുള്ള തന്ത്രമാണെന്ന് ബഹുമാന്യനായ മുഖ്യമന്ത്രിയോട് പറയുന്നു. ഇത്തരം വിവാദങ്ങളുടെ കാലം കഴിഞ്ഞു, സർക്കാരിനെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ആര് വരണമെന്ന് കേന്ദ്രസർക്കാരിനോട് 7 ദിവസം മുമ്പ് എന്തുകൊണ്ട് പറഞ്ഞില്ല. ഇതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുള്ള ശ്രദ്ധതിരിക്കൽ തന്ത്രമാണ്. ജനങ്ങൾക്ക് വേണ്ടി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.