കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറൽ സെക്രട്ടറി പദവിയിൽ നിന്നും നീക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. കമ്പനിനിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗം 2006 നുശേഷം കണക്കുകൾ ബോധിപ്പിച്ചിട്ടില്ല. അതിനാൽ ഭരണസമിതിക്ക് തുടരാൻ യോഗ്യതയില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിയിൽ വിശദമായ വാദം കേട്ടശേഷമാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്.

നിയമപ്രകാരം വെള്ളാപ്പള്ളി നടേശന് ജനറൽ സെക്രട്ടറിയായി തുടരാൻ അർഹതയില്ലെന്ന് കോടതി വിലയിരുത്തി. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർക്കും സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. നാലുപേരെയും സ്ഥാനത്തു നിന്നും നീക്കിയതായും, പകരം പുതിയ ഡയറക്ടർബോർഡ് നിയമാനുസൃതം തെരഞ്ഞെടുപ്പ് നടത്തി രൂപീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.


തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്എൻഡിപി യോഗത്തിന്റെ ഭരണചുമതല നടത്തുന്നതിനായി സർക്കാർ ഡയറക്ടർമാരെ നാമനിർദേശം ചെയ്യണം. അങ്ങനെ താൽക്കാലിക ഡയറക്ടർ ബോർഡ് എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകണം. അതോടൊപ്പം താൽക്കാലിക ഡയറക്ടർ ബോർഡ് നിയമാനുസൃതമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനെ മാറ്റി, എസ്എൻഡിപി യോഗത്തിന്റെ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കണമെന്നാണ് എംകെ സാനു അടക്കമുള്ളവർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയുടെ ഏകാധിപത്യമാണ് സംഘടനയിൽ നടക്കുന്നത്. കൃത്യമായ കണക്കുകൾ സംഘടനയെ ബോധിപ്പിക്കുന്നില്ല. എസ്എൻഡിപിയോഗത്തിൽ വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.























