തിരുവനന്തപുരത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു

തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഗ്യാസ് സിലിണ്ടർ മോഷണവും. തിരുവനന്തപുരത്തെ ചാലയിലെ വി.എസ്.ഹോട്ടലിൽനിന്നാണ് ഇന്നു പുലർച്ചെ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചത്. തലയിൽ ചാക്കിട്ടു മറച്ച് ഒരാൾ ഗ്യാസ് സിലിണ്ടർ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം. നിറയെ ഗ്യാസുള്ള സിലിണ്ടറാണ് മോഷ്ടിക്കപ്പെട്ടത്. പകുതി ഉപയോഗിച്ച രണ്ടു സിലിണ്ടറുകൾ അവിടെ തന്നെ ഉപേക്ഷിച്ചാണ് കള്ളൻ മടങ്ങിയത്. സിലിണ്ടർ മോഷ്ടിക്കപ്പെട്ടതോടെ ഇന്ന് ഉച്ചയോടെ ഹോട്ടൽ അടച്ചിടേണ്ട നിലയാണുള്ളതെന്ന് ഹോട്ടൽ ഉടമ അർച്ചന പറഞ്ഞു.

വെളുപ്പിനെ ഹോട്ടൽ തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നും അർച്ചന പറഞ്ഞു. ഹോട്ടൽ തുറക്കാൻ എത്തിയപ്പോൾ വൈദ്യുതിയുണ്ടായിരുന്നില്ല. എന്താണെന്നു പരിശോധിച്ചപ്പോഴാണ് ഫ്യൂസ് ഊരിയ നിലയിൽ കണ്ടതെന്നും അർച്ചന പറഞ്ഞു. ഹോട്ടലിന്റെ ഇടതുഭാഗത്തെ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചു മറച്ച ഭാഗത്താണ് അടുക്കളയുള്ളത്. മെയിൻ സ്വിച്ചിന്റെ ഫ്യൂസ് പുറത്തുനിന്ന് ഊരിയ ശേഷമാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. തുടർന്ന് ടോർച്ച് അടിച്ച് നോക്കിയാണ് സിലിണ്ടർ കണ്ടെത്തിയത്. ഉള്ളിൽ കയറിയപ്പോൾ സിസിടിവി ക്യാമറ കണ്ടതിനെ തുടർന്ന് ചാക്ക് എടുത്ത് തലയിൽ ഇട്ട് മറച്ചതിനു ശേഷം കാമറ തിരിച്ചുവച്ചു. അതിനു ശേഷമാണ് സിലിണ്ടറുമായി കടന്നുകളഞ്ഞത്. ഇന്ന് ഉച്ചയൂണ് ഉൾപ്പെടെ തയാറാക്കാൻ എല്ലാ സാധനങ്ങളും വാങ്ങി വന്നപ്പോഴാണ് സിലിണ്ടർ നഷ്ടപ്പെട്ടതെന്ന് അർച്ചന പറഞ്ഞു. ഒരാളെ സംശയമുണ്ടെന്നും അക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അർച്ചന പറഞ്ഞു.