ന്യൂഡൽഹി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം ഇന്ന് നടക്കും. വൈകീട്ട് നാലു മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ യോഗം ചേരുന്നുണ്ട്. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പശ്ചിമ ബംഗാളിൽ മെയ് 7 നാണ് നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്. അതിനാൽ, അതിനു മുമ്പ് പുതിയ സഭ നിലവിൽ വരേണ്ടതുണ്ട്. ഏപ്രിൽ ആദ്യവാരം തന്നെ വോട്ടെടുപ്പ് ആരംഭിക്കാനാണ് സാധ്യത. ബംഗാളിൽ മൂന്നോ നാലോ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. ഏപ്രിൽ ആദ്യവാരം കേരളത്തിൽ ഈസ്റ്റർ, തുടർന്ന് വിഷു ആഘോഷങ്ങൾ നടക്കുകയാണ്. അതിനാൽ, ആഘോഷങ്ങൾക്ക് ശേഷമാകും വോട്ടെടുപ്പ് നടക്കുകയെന്നാണ് സൂചന. മെയ് ആദ്യവാരം വോട്ടെണ്ണൽ നടക്കാനാണ് സാധ്യത.

























