തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടുത്തം; തീ പിടുത്തമുണ്ടായത് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ കെട്ടിടത്തിൽ നിന്ന് മാറ്റി. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലാണ് തീപിടിച്ചത്. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടർ വ്യക്തമാക്കി. വെന്റിലേറ്റർ യൂണിറ്റിൽ നിന്നാണ് തീ പിടിച്ചത്. തീ പടരാതിരിക്കാൻ ഓക്‌സിജൻ ഓഫ് ചെയ്തു.

രോഗികളെ വെന്റിലേറ്ററോട് കൂടി മാറ്റി. ആർക്കും ആപത്തില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഴുവൻ രോഗികളെയും മാറ്റിയെന്നും കേടുപാടുകൾ വന്ന ചില ഉപകരണങ്ങൾ മാത്രമേ മാറ്റാനുള്ളുവെന്നും അധികൃതർ പറഞ്ഞു. തീപിടുത്തം വെന്റിലേറ്റർ മെഷീനിൽ നിന്ന് തന്നെയെന്ന് ഫയർ ഫോഴ്‌സ് സ്ഥിരീകരിച്ചു. തീ പിടുത്തത്തിന് പുറമേ പുകയും ഉണ്ടായി. ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായത് – റീജണൽ ഫയർ ഓഫീസർ അബ്ദുൾ റഷീദ്. കെ പറഞ്ഞു.

ഒരു വെന്റിലേറ്റർ യൂണിറ്റിൽ മാത്രമാണ് തീ പിടിച്ചത് എന്നാണ് വിവരം. കിടക്കയിലേക്ക് തീ പടർന്നില്ല. തീ ഉയരുന്നത് കണ്ടപ്പോൾ തന്നെ ജീവനക്കാർ ഫയർ എക്സ്റ്റിങ്ക്യുഷർ ഉപയോഗിച്ച് തീ കെടുത്തി. ഫയർഫോഴ്‌സ് എത്തുന്നതിനു മുമ്പ് തന്നെ തീ അണച്ചു. രോഗികളെ ഒഴിപ്പിക്കൽ ജോലിയാണ് ഫയർ ഫോഴ്‌സ് ഏറ്റെടുത്തത്. 33 രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്